`വെെറസ് കയറാതിരിക്കാൻ നമുക്ക് ജാതിയിൽ കുറഞ്ഞവരുടെ മൂക്കുകൾ ചെത്തിക്കളഞ്ഞാലോ തമ്പ്രാനേ?´

താഴ്ന്ന ജാതിയിൽ ജനിച്ചവർ ഉയർന്ന ജാതിക്കാരെ സമീപിക്കുന്നതിനുള്ള പരിധിയുണ്ടായിരുന്നു. ഇപ്പോഴല്ല, പഴയകാലത്ത്. ഇതു രഹസ്യവുമല്ല. ഇവിടെ ഈ മലയാളമണ്ണിൽ നിലനിന്നിരുന്ന ആചാരമെന്നു ഓമനപ്പേരിട്ടു വിളിക്കുന്ന മനുഷ്യത്വമില്ലായ്മയായിരുന്നു അത്.  സമീപത്തുവരുന്നതോ കാഴ്ച്ചയിൽ പെടുന്നതോ മൂലമുണ്ടാകുന്ന ഇത്തരം അശുദ്ധിയുണ്ടാകുന്നതിനെയാണ് തീണ്ടാപ്പാട് എന്ന പേരിൽ വിളിച്ചിരുന്നത്. ആ കാലം പോയില്ലേ, ഇനിയെന്താ എന്നു കരുതുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ ശ്രദ്ധയ്ക്ക്. പോയിട്ടില്ല. അത് നമ്മുടെ സമീപത്തൊക്കെത്തന്നെയുണ്ട്. സംശയമുള്ളവർ ഇത്തവണത്തെ യോഗക്ഷേമ സഭയുടെ ത്രൈമാസികയായ ‘സ്വസ്തി’ എടുത്തു വായിച്ചു നോക്കിയാൽ മതി. 

പഴയകാലത്തെ തീണ്ടാപ്പാടിനോട് കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള സാമൂഹിക അകലത്തെ ഒരു മനസാക്ഷിക്കുത്തുമില്ലാതെ, നാണമില്ലാതെ ഉപമിച്ചിരിക്കുകയാണ് യോഗക്ഷേമ സഭ. സഭയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സ്വസ്തി ത്രൈമാസികയുടെ എഡിറ്റോറിയലാണ് തീണ്ടാപ്പാടകലത്തെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. 

ഒന്നുകിൽ ഈ സാധനം എഴുതിയ വ്യക്തിക്ക് ബോധം വേണം. അല്ലെങ്കിൽ അത് പ്രസിദ്ധീകരിച്ച സമുദായത്തിനു ബോധം വേണം. ഇതുരണ്ടും ഇരുകൂട്ടർക്കുമുണ്ടെന്നു തോന്നുന്നില്ല. ‘നമ്പൂതിരി ആചരിച്ചിരുന്ന ചിലതെല്ലാം നല്ലതായിരുന്നു എന്ന് ഇപ്പോള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു’ എന്നു വിളിംബരം ചെയ്തുകൊണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും `മിഖച്ച´ എഡിറ്റോറിയലുകളിൽ ഒന്നാം സ്ഥാനത്തു വന്നേക്കാവുന്ന ഈ സാധനം ആരംഭിക്കുന്നത്. കോവിഡ് മഹാമാരി പടരാതിരിക്കാൻ ഏർപ്പെടുത്തിയ സാമൂഹിക അകലത്തെ ഈ വക ഭ്രാന്തുമായി താരതമ്യപ്പെടുത്തുവാൻ ചില്ലറ നാണമില്ലായ്മയൊന്നും പോര. 

‘നമ്പൂതിരി സമുദായം തീണ്ടാപ്പാടകലത്തിൻ്റെ പേരില്‍ പഴി കേട്ടിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ ഭാഗമായി എത്ര മീറ്റര്‍ വിട്ടുനില്‍ക്കുന്നതും നല്ലതാണെന്നാണ് പുതിയ നിയമം. മിനിമം ഒരു മീറ്ററാണ് നിര്‍ദേശിക്കുന്നത്. എട്ടു മീറ്റര്‍ നല്ലതാണെന്നും പറയുന്നുണ്ട്. ഈ എട്ട് മീറ്ററിനും അപ്പുറത്തായിരുന്നു നമ്പൂതിരിമാരുടെ തീണ്ടാപ്പാടകലം’-  മുഖപ്രസംഗം അഭിമാനത്തോടെ പറയുന്നു. മാത്രമല്ല അവർണ്ണൻ ചായകുടിച്ച ഗ്ലാസിൽ സവർണ്ണൻ ചായകുടിക്കാത്തതിനെയും പുറത്ത് പോയി വന്ന വസ്ത്രം അയിത്തക്കോലില്‍ വെച്ച് മുങ്ങിക്കുളിച്ച് ശുദ്ധമാകമണെന്നുള്ള ദുരാചാരത്തേയും വാഴ്ത്തിപ്പാടുവാനുള്ള സമയവും മുഖപ്രസംഗം കണ്ടെത്തുന്നു. 

അന്ന് നമ്പുതിരിമാർ ചെയ്തുവന്ന ഇത്തരം സാമുഹിക ദ്രോഹങ്ങളെ ഇന്നത്തെ രമാഗ സാഹചര്യവുമായി ഉപമിക്കാൻ കാണിച്ച ആ മനസ്സിനെ ബഹുമാനിച്ചേ മാതയാകു. അതിലൊരു സംശയവും വേണ്ട. കാരണം ലക്ഷത്തിലൊന്നു മാത്രമേ ഇത്തരം പ്രത്യേകതകളോടെ ഈ ഭൂമിയിൽ അവതരിക്കാറുള്ളു. 

മറ്റൊരാള്‍ ഭക്ഷണം കഴിച്ചിരുന്നതിനാല്‍ നമ്പുതിരി സമുദായം കിണ്ണത്തില്‍ ഉണ്ണാതിരുന്നത് എത്ര കഴുകിയാലും എച്ചില്‍ പോകില്ലെന്നുള്ളതിനാൽ ആണെന്നുള്ള കണ്ടുപിടുത്തവുമുണ്ട്. അണുക്കളെ നശിപ്പിക്കുന്നതിനായാണ് വാട്ടിയ ഇലയില്‍ ഭക്ഷണം കഴിച്ചിരുന്നത്. സാനിറ്റൈസറും ഡെറ്റോളും ഇല്ലെങ്കിലും കുളിക്കടവില്‍ മഞ്ഞളും പുറ്റുമണ്ണും വെച്ചിട്ടുണ്ടായിരുന്നു- എഡിറ്റോറിയൽ ഇങ്ങനെ പോകുന്നു. വായിക്കുന്നവർക്കും കേൾക്കുന്നവർക്കും എന്തോ കുഴപ്പമുണ്ടല്ലോ എന്നു തോന്നുന്നില്ലേ? അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കു വായിക്കുവാനുള്ളതല്ല ഈ സാഹത്യ സൃഷ്ടി. അങ്ങനെ തോന്നാത്ത ചിലരുണ്ട്. അവർക്കു വായിക്കുവാനുള്ളതാണ് ഇത്. 

ഈ മഹത് സൃഷ്ടിക്കെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അതീവഗൗരവമുള്ള മഹാമാരി പടരുന്ന ഘട്ടത്തില്‍ തങ്ങളുടെ പാരമ്പര്യമായിരുന്നു ഏറ്റവും ശരി എന്ന് പറയുന്നവര്‍ അത്രമേല്‍ മനുഷ്യവിരുദ്ധരായിരിക്കുമെന്നാണ് ദളിത് ചിന്തകനായ സണ്ണി എം. കപിക്കാട് പറയുന്നത്. സംസ്ഥാനത്തു പിടിമുറുക്കുന്ന ഹിന്ദുത്വവല്‍ക്കരണത്തിൻ്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് യോഗക്ഷേമ സഭാ എഡിറ്റോറിയല്‍ എന്നാണ് ദളിത് ആക്ടിവിസ്റ്റും തന്ത്രഗവേഷകനുമായ ടി.എസ് ശ്യാം കുമാര്‍ വ്യക്തമാക്കുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതു നമ്മളെ ബാധിക്കുന്ന സംഭവമല്ല എന്നു യോഗക്ഷേമ സഭയും വിശ്വസിക്കുന്നുണ്ടായിരിക്കും. നടപ്പുരീതിയനുസരിച്ച് അങ്ങനെയല്ലേ കരുതാൻ കഴിയൂ. 

വസ്ത്രം നോക്കി ജാതി എന്താണെന്നു ഊഹിച്ചിരുന്ന കാലത്തെ കുറിച്ചൊക്കെ അച്ഛനപ്പൂപ്പൻമാർ അഭിമാനത്തോടെ പറഞ്ഞത് അവരുടെ മടിയിൽ കിടന്ന് കേട്ട ഓർമ്മകൾ ഈ മുഖപ്രസംഗം എഴുതുന്നതിനു മുമ്പ് ലേഖകന് ഓർമ്മ വന്നുകാണും. ഗൃഹതുരത്വത്തോടെ ഇനിയും പുലരുമോ ആ തീണ്ടാപ്പാട് കാലം എന്നോർത്തു ആ ഓർമ്മകൾ പേപ്പറിലേക്കു പകർത്തുകയായിരുന്നു എന്നു വേണം കരുതാൻ. 

വംശശുദ്ധിയും പാരമ്പര്യ ശുദ്ധിയും പറഞ്ഞുകൊണ്ട് കുറച്ചു ദിവസം മുമ്പ് ക്നാനായ സമുദായം രംഗത്തെത്തിയിരുന്നു. നസ്രാണികൾക്ക് അങ്ങനെ പറയാമെങ്കിൽ ഞങ്ങൾക്കും പാരമ്പര്യ ആചാരങ്ങളെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ടുകൂടെ എന്നായിരിക്കും യോഗക്ഷേമ സഭ ചിന്തിക്കുന്നത്. മലയാള നാട്ടിൽ സവർണ്ണൻ അവർണ്ണനോടു കാണിച്ചുകൂട്ടിയ തെമ്മാടിത്തരങ്ങളെയൊക്കെ ഇനി കോവിഡുമായി ബന്ധിപ്പിക്കണം. പിന്നെ കാര്യങ്ങൾ എളുപ്പമായി. ഈയം ഉരുക്കലും ഒഴിക്കലുമാെക്കെ തൽക്കാലം അങ്ങു മാറ്റിവയ്ക്കാം. പകരം പുതിയ രീതികൾ പരീക്ഷിക്കാം. 

നമുക്ക് ജാതിയിൽ കുറഞ്ഞവരുടെ മൂക്കുകൾ ചെത്തിക്കളഞ്ഞാലോ തമ്പ്രാനേ. ആരെങ്കിലും ചോദിക്കുകയാണെങ്കിൽ മൂക്കുവഴിയാണ് വെെറസ് ശ്വാസകോശത്തിൽ എത്തുന്നതെന്നു പറയുകയും ചെയ്യാം. മുഖമാസികയിൽ ഒരു മുഖപ്രസംഗം എഴുതിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളു. അത് തീണ്ടാപ്പാടിൻ്റെ മഹത്വം എഴുതിയ ഉണ്ണിയെത്തന്നെ ഏൽപ്പിക്കാം. ഉണ്ണിയാകുമ്പോൾ കാര്യങ്ങൾ ഗംഭീരാകും… സംശയില്ല്യാ…

അങ്ങനെയെങ്കിൽ അത് മൂന്നുമാസം കഴിഞ്ഞു മതി. അപ്പോഴേ മാസികയുടെ അടുത്ത ലക്കം പുറത്തിറങ്ങു.