സബ് ട്രഷറി പണം തട്ടിപ്പ് കേസ് അട്ടിമറിക്കാൻ നീക്കമെന്ന് സൂചനകൾ: തട്ടിപ്പു കണ്ടുപിടിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടെ സ്ഥലം മാറ്റി

single-img
4 August 2020

വഞ്ചിയൂർ സബ് ട്രഷറി പണം തട്ടിപ്പ് കേസ് അട്ടിമറിക്കാൻ നീക്കമെന്നു സൂചനകൾ. . തട്ടിപ്പു കേസ് പുറത്തു വന്നതിനു പിന്നാലെ ട്രഷറിയിലെ ഭൂരിഭാഗം ഇദ്യോഗസ്ഥരുടെയും സ്ഥലം മാറ്റ ഉത്തരവ് പുറത്തു വന്നു. അതേസമയം ജില്ലാ ട്രഷറി ഡയറക്ടറേയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെയും അതേ സ്ഥലങ്ങളിൽ നിലനിർത്തിയിട്ടുമുണ്ട്. മാത്രമല്ല തട്ടിപ്പു നടന്ന വഞ്ചിയൂർ സബ് ട്രഷറി ഓഫീസറേയും നിലനിർത്തിയിട്ടുണ്ട്. സ്ബ് ട്രഷറി ഇത് കേസ് അട്ടിമറിക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് മറ്റു ഉദ്യോഗസ്ഥർക്കിടയിൽ സംശയം ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.   

ട്രഷറി തട്ടിപ്പ് കേസ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ഉൾപ്പെടെ സ്ഥലം മാറ്റിയെന്നാണ് പുറത്തു വരുനന് റിപ്പോർട്ടുകൾ. ഈ തട്ടിപ്പിനെക്കുറിച്ച് കാര്യങ്ങൾ വ്യക്തമാക്കാൻ കഴിവുള്ള ഉദ്യോഗസ്ഥരാണ് നടപടിക്കു വിധേയമായിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും മാധ്യമങ്ങളിലും നിന്നുമകറ്റി കേസ് വഴിതിരിച്ചുവിടുവാനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണങ്ങൾ. 

ഇതിനിടെ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി. കമ്മീഷണർ സുൽഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസിൽ അന്വേഷണം നടത്തുക. സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.

തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും ബിജുലാലിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ബിജുലാലിനെ പിടികൂടുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

ജില്ലാ ട്രഷറി ഓഫീസറുടെയും ടെക്നിക്കൽ കോ ഓർഡിനേറ്ററുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകിയത്. 74ലക്ഷം ഓവർഡ്രാഫ്റ്റ് ഉണ്ടായിരുന്ന ബിജുലാൽ രണ്ട് കോടി തട്ടിച്ചപ്പോൾ ബാദ്ധ്യത മാറുകയും ഒരുലക്ഷത്തി ഇരുപത്താറായിരം അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ഇതിൽ നിന്ന് ഭാര്യയുടെ അക്കൗണ്ടിലേക്ക് 63ലക്ഷം മാറ്റിയെന്നുമാണ് കണ്ടെത്തൽ.

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും പണം തട്ടിയെടുത്ത ബിജുലാൽ മാസങ്ങളായി തട്ടിപ്പ് തുടർന്നു വരികയായിരുന്നവെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തു വന്നിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 30-ന് നടത്തിയ ഓഡിറ്റിനിടയിലാണ് 27-ആം തീയതി രണ്ടുകോടി രൂപ മാറ്റിയത് കണ്ടെത്തിയത്. ട്രഷറി അക്കൌണ്ട് നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിലെ തകരാറാണ് ബിജുലാൽ മുതലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.

ട്രഷറി അക്കൌണ്ടിന്റെ ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയർ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ നിർമ്മിച്ചതാണ്. ഈ സോഫ്റ്റ്വെയറിലെ തകരാറുകളാണ് ബിജുലാൽ ഉപയോഗപ്പെടുത്തിയത്. ഒരാളുടെ അക്കൌണ്ടിൽ നിന്നും ബാലൻസില്ലാതെ തന്നെ ഓൺലൈൻ ആയി പണം മറ്റ് അക്കൌണ്ടിലേയ്ക്ക് മാറ്റാമെന്നും അപ്പോൾ ആദ്യത്തെ അക്കൌണ്ടിൽ നെഗറ്റിവ് ബാലൻസ് കാണിക്കുമെന്നും യാദൃശ്ചികമായി കണ്ടെത്തിയതാണ് ബിജുലാലിന് വഴിത്തിരിവായതെന്നും കഴിഞ്ഞ ദിവസം ഇ-വാർത്ത റിപ്പോർട്ടു ചെയ്തിരുന്നു. 

കളക്ടറുടെ അക്കൌണ്ടിൽ നിന്നും തന്റെ അക്കൌണ്ടിലേയ്ക്ക് പണം മാറ്റിയ ശേഷം ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്താൽ രണ്ട് അക്കൌണ്ടിലും ബാലൻസ് ഉണ്ടാകുമെന്ന സോഫ്റ്റ്വെയർ തകരാറാണ് ബിജുലാൽ ഉപയോഗപ്പെടുത്തിയത്. ഈ ട്രാൻസാക്ഷൻ സാധുവാകണമെങ്കിൽ പാസിംഗ് ഓഫീസറായ ട്രഷറി ഓഫീസറുടെ അക്കൌണ്ടിൽ നിന്നും അപ്രൂവൽ ലഭിക്കണം. വിരമിച്ച പഴയ ട്രഷറി ഓഫീസറുടെ അക്കൌണ്ടിന്റെ പാസ്വേഡ് ബിജുലാലിനറിയാമായിരുന്നു. ഇതുപയോഗിച്ചാണ് ഇയാൾ പണം മാറ്റിയതെന്നാണ് റിപ്പോർട്ട്.

ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതാണ് ബിജുലാലിനെ തട്ടിപ്പിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. തട്ടിപ്പിൽ താൻ നിരപരാധിയാണെന്നും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയത് അറിഞ്ഞില്ലെന്നും വ്യക്തമാക്കുന്ന ബിജുലാലിന്റെ ഭാര്യ സിമിയുടെ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു.