കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും

single-img
4 August 2020

കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതല്‍ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ ജില്ലയില്‍ 82 സ്വകാര്യ ആശുപത്രികൾ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.

തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗബാധിതരായി ഗുരുതരാവസ്ഥയിലുള്ളവർക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്. 81 കോവിഡ് രോഗബാധിതര്‍ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

സ്വാബ് കളക്ഷന്‍ അടക്കമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ 60 ആശുപത്രികളില്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. കൂടുതല്‍ സ്വകാര്യ ആശുപത്രികൾ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ജില്ലയില്‍ രോഗപ്രതിരോധ സംവിധാനങ്ങൾ തത്സമയം വിലയിരുത്താന്‍ സജ്ജീകരിച്ച ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് യോഗത്തില്‍ പരിചയപ്പെടുത്തി.

82 ആശുപത്രികളും ജില്ലയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളും അവയിലെ വാഹന സൗകര്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ഈ സംവിധാനത്തിൽ വിലയിരുത്താൻ സാധിക്കും. ജില്ലയിലെ ആരോഗ്യവിഭാഗം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. ജില്ലയില്‍ 8600 രോഗികൾ ഇതുവരെ ടെലിമെഡിസിന്‍ സേവനങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ അസി. കളക്ടർ രാഹുൽകൃഷ്ണ ശർമ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി എന്നിവർ പങ്കെടുത്തു.