ഒരു ലിറ്റർ കട്ടൻചായ 900 രൂപ കൊടുത്തു വാങ്ങി കൊല്ലത്ത് രണ്ടു യുവാക്കൾ

single-img
4 August 2020

ഒരു ലിറ്റർ കട്ടൻ ചായക്ക് 900 രൂപയോ? അത്ഭുതപ്പെടാൻ വരട്ടെ. കഴിഞ്ഞ ദിവസം കൊല്ലം അഞ്ചാലുംമൂട്ടിൽ ഒരു ലിറ്റർ കട്ടൻ ചായ 900 രൂപയ്ക്ക് വാങ്ങിയ ആൾക്കാരുണ്ട്. പക്ഷേ ഒരു കാര്യമുണ്ട് കേട്ടോ, ഈ കട്ടൻ ചായ വാങ്ങിയ യുവാക്കൾ അത് വിദേശമദ്യം ആണെന്ന് കരുതിയാണ് വാങ്ങിയത് എന്ന് മാത്രം. 

നല്ല കടുപ്പത്തിൽ ഉള്ള കട്ടൻചായ വിദേശമദ്യത്തിൻ്റെ കുപ്പിയിലാക്കിയാണ് വിൽപ്പന നടത്തിയത്. ഒറ്റനോട്ടത്തിൽ കണ്ടാൽ വിദേശമദ്യം തന്നെ. പക്ഷേ രുചിച്ചു നോക്കിയപ്പോഴാണ് പണി പാളി എന്ന് മനസ്സിലായത്. എന്നാൽ അപ്പോഴേക്കും കട്ടൻചായ വിദേശമദ്യം ആണെന്ന് പറഞ്ഞു വിൽപ്പന നടത്തിയ വ്യക്തി വീടു പിടിച്ചിരുന്നു. 

വിദേശമദ്യമാണെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാക്കളെ കൊണ്ട് കട്ടൻ ചായ കുടിപ്പിച്ച സംഭവം അഞ്ചാലുംമൂട്ടിൽ വലിയ വാർത്തയാണ് സൃഷ്ടിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അഞ്ചാലുംമൂട് ബാറിന് സമീപത്തു വച്ച് സംഭവം നടന്നത്. ബാറിൽനിന്ന്‌ മദ്യം വാങ്ങാനെത്തിയ ചെറുപ്പക്കാരാണ് കബളിപ്പിക്കപ്പെട്ടത്. 

കോവിഡ് വ്യാപനത്തെ തുടർന്നു ബാറുകൾ ഇപ്പോൾ വൈകുന്നേരം അഞ്ചു മണി വരെ ആണല്ലോ പ്രവർത്തിക്കുന്നത്. സമയം അഞ്ച് മണിയോടു അടുക്കുന്ന സമയത്താണ് അഞ്ചാലുംമൂട് സ്വദേശികളായ രണ്ട് യുവാക്കൾ മദ്യം വാങ്ങാനായി ബാറിനു മുന്നിൽ എത്തിയത്. പുള്ളിക്കാരൻമാർ ബാറിനു മുന്നിൽ എത്തിയപ്പോൾ തന്നെ ഒരു മധ്യവയസ്കൻ കുപ്പിയുമായി അവരെ സമീപിക്കുകയായിരുന്നു. മദ്യം വാങ്ങാൻ ആണ് വന്നതെങ്കിൽ പെട്ടെന്ന് വാങ്ങിക്കോ, പോലീസ് കണ്ടാൽ വിഷയമാണ് എന്നു പറയുകയും ചെയ്തു. 

ബാർ അടയ്ക്കാൻ ആയ സമയം ആയതുകൊണ്ട് സ്വാഭാവികമായും യുവാക്കൾ മധ്യവയസ്കന് വിശ്വസിച്ചു എന്നുള്ളതാണ് സത്യം. കൗണ്ടർ അടയ്ക്കാറായ സമയമായതിനാൽ ജീവനക്കാർ മദ്യം പുറത്തുകൊണ്ടുവന്നു നൽകുന്നതാകുമെന്നാണ് ചെറുപ്പക്കാർ കരുതിയത്. അതുകൊണ്ടുതന്നെ സംശയം ഒന്നുമില്ലാതെ യുവാക്കൾ മധ്യവയസ്കനിൽ നിന്നും മദ്യം വാങ്ങി.  ചോദിച്ച വിലയുംനൽകിയാണ് സാധനം വാങ്ങിയത് 

സാധനം വാങ്ങി കഴിഞ്ഞാൽ പിന്നെ അവിടെ നിൽക്കേണ്ട ആവശ്യമില്ലല്ലോ. അപ്പോൾ തന്നെ യുവാക്കൾ സ്ഥലംവിട്ടു. മദ്യപിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. പക്ഷേ കുപ്പി തുറന്നപ്പോൾ കിട്ടിയത് വെറും കട്ടൻചായയും. അപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി അവർക്കു മനസ്സിലായത്.

ഈ സംഭവം വാർത്തയായതോടെ എക്സൈസ് സംഘം സ്ഥലത്തെത്തി ബാറിൽ പരിശോധന നടത്തി. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് ആ സത്യം എക്സൈസുകാർ മനസ്സിലാക്കിയത്. ഇവർക്ക് കുപ്പി നൽകിയയാൾ ബാർ ജീവനക്കാരല്ല. മറ്റാരോ ആണ്. 

ഇയാൾക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നെന്നും ദൃശ്യങ്ങളിൽ കാണുവാൻ കഴിഞ്ഞു. കുപ്പി വിൽപ്പന നടത്തി അൽപ്പനേരത്തിനുശേഷം ഇവർ ഓട്ടോയിൽ സ്ഥലംവിട്ടെന്നും ദൃശ്യങ്ങളിലുടെ അറിയാൻ കഴിഞ്ഞു. മാത്രമല്ല തട്ടിപ്പുകാരെ ദൃശ്യങ്ങളിൽനിന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എക്സെെസ് പറയുന്നു. 

എന്നാൽ നടന്നത് കബളിപ്പിക്കലാണ്. അതുകൊണ്ട് എക്സൈസിന് കേസെടുക്കാൻ നിർവാഹമില്ല എന്നുള്ളതും കൂടി അവർ വ്യക്തമാക്കിയിട്ടുണ്ട്.