കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പോലീസിന്; സർക്കാർ നടപടി പോലീസ് രാജിലേക്ക് നയിക്കും: രമേശ് ചെന്നിത്തല

single-img
4 August 2020

സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പോലീസിനെ ഏല്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പോലീസ് രാജിലേക്കും നയിക്കുമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന അധികൃതരുടെ അലംഭാവം കൊണ്ടാണെന്ന് മുഖ്യമന്ത്രി കുറ്റസമ്മതം നടത്തിയതാണ്. ആ തീരുമാനം അപകടമായെന്ന് കണ്ടപ്പോള്‍ കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ വച്ചു കെട്ടാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഇരട്ട മുഖത്തെയാണ് കാണിക്കുന്നതെന്നും ചെന്നിത്തല കത്തിലൂടെ വിമര്‍ശിച്ചു.

രോഗികള്‍ ഉള്ള പ്രദേശത്തെ കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുക, ക്വാറന്റയിനില്‍ കഴിയുന്നവരെ മോണിറ്റര്‍ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളലും ശാരീരികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുക തുടങ്ങിയ ജോലികളെല്ലാം ഇപ്പോള്‍ സര്‍ക്കാര്‍ പോലീസിനെയാണ് ഏല്പിച്ചിരിക്കുന്നത്.

ഈ തീരുമാനം ക്രമസമധാന പ്രശ്നങ്ങള്‍ക്കും പോലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുമെന്നതില്‍ സംശയമില്ലെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.