സെെക്കോ പ്രദർശകൻ: വനിതാ വാർഡുമെമ്പർമാരുടെ നമ്പരുകൾ തിരഞ്ഞുപിടിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അതുവഴി നഗ്നതാ പ്രദർശനം നടത്തുന്ന യുവാവ് പിടിയിൽ

single-img
3 August 2020

വനിത മെമ്പർമാരുടെ നമ്പറുകൾ ശേഖരിച്ച് വാട്സപ്പ് ഗ്രൂപ്പുണ്ടാക്കി  അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് പിടിയിൽ. താനൂർ നിറമരുതൂർ പത്താംപാട് കൊള്ളാടത്തിൽ റിജാസ് (29) ആണ് പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്.  ഗ്രാമപഞ്ചായത്തുകളുടെ വെബ് സൈറ്റിൽ നിന്നുമാണ് ഇയാൾ നമ്പരുകൾ സംഘടിപ്പിക്കുന്നത്. 

അമരമ്പലം പഞ്ചായത്തിലെ വനിതാ അംഗങ്ങളുടെ പരാതിയെ തുടർന്നാണ് നടപടി. മലപ്പുറം ജില്ലയിലെ വിവിധ വനിതാ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നമ്പറുകളിലേക്ക്  അശ്ലീല വീഡിയോ അയക്കുകയും നഗ്‌നത പ്രദർശനം നടത്തുകയുമായിരുന്നു. 

എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ വനിതാ അംഗങ്ങളും ഈ പ്രവർത്തിക്ക് ഇരകളാണ്. ഇവരിൽ ചിലർ പ്രതിയെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. ഇയാളെ സംബന്ധിച്ച് വനിതകളുടെ പരാതിയിൽ വിവിധ സ്റ്റേഷനുകളിൽ സമാന കേസുകൾ നിലനിൽക്കുന്നുണ്ട്. 

 പ്രതി താനൂരിൽ വഴിയോര കച്ചവടം ചെയ്യുകയാണ്. കൂടുയുള്ള രാജസ്ഥാൻ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയത്. ഈ സിം കാർഡ് ഉപയോഗിച്ച് ഫോൺ വിളിക്കാത്തത് പ്രതിയെ പിടികൂടാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

 മൊബൈൽ ടവർ ലൊക്കേഷൻ, ഫോൺ ഐ എം ഐ എന്നിവ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.