ഒന്നിനുപിറകേ ഒന്നായി ന്യുനമർദ്ദങ്ങൾ രൂപപ്പെടും: കേരളത്തിൽ പ്രളയസമാന സാഹചര്യമെന്നു പ്രവചനം

single-img
3 August 2020

അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് പ്രവചനം. കേരളം, വാല്‍പാറ, നീലഗിരി, കുടക് ബെല്‍റ്റുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും . ഓഗസ്റ്റ് പകുതി വരെ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴ പെയ്യുമെന്നുമാണ് പ്രവചനം. തമിഴ്‌നാട് വെതര്‍മാൻ്റേതാണ് പ്രവചനം. 

ഓഗസ്റ്റ് അഞ്ച് മുതല്‍ എട്ടുവരെ അതിശക്തമായ മഴയുണ്ടാകുമെന്നും തമിഴ്‌നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓഗസ്റ്റ്  ഇരുപത് വരെയുള്ള ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് സൂചന.  ഇവയുടെ സ്വാധീനം മൂലമാണ് കേരളത്തിലേയും തമിഴ്നാട്ടിലും മഴ ശക്തിപ്പെടുക. കേരളവും തമിഴ്നാടും അതിരിടുന്ന പശ്ചിമഘട്ട മേഖലയിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഡാമുകൾ വേഗം നിറയുന്നതിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്കും ഇതു കാരണമായേക്കുമെന്നും തമിഴ്നാട് വെതർമാൻ പ്രദീപ് ജോൺ മുന്നറിയിപ്പ് നൽകി. 

2018,2019 വർഷങ്ങളുടെ ആദ്യപകുതിയിൽ കേരളത്തിലും തമിഴ്നാട്ടിലും മഴ ശരാശരിയിലും താഴെയാണ് ലഭിച്ചത്. പല പ്രദേശത്തും വരൾച്ചയും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് മാസത്തിൽ പൊടുന്നനെ ശരാശരിയിലും വളരെ അധികം മഴ ലഭിച്ചതോടെയാണ് പ്രളയസമാനമായ സാഹചര്യം ഉണ്ടായത്. ഈ വർഷവും ഇതേ നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.  

ഓഗസ്റ്റ് മൂന്ന് മുതൽ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്,തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ  ജാഗ്രത വേണമെന്നും പരദീപ് പറയുന്നു. അതിൽ തന്നെ ഓഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയുള്ള നാല് ദിവസം അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. 

ഈ ദിവസങ്ങളിൽ കാവേരി മേഖലയിൽ കനത്ത മഴ ലഭിച്ചേക്കും. കബനി നദിയും നിറഞ്ഞൊഴുകും. മേടൂർ ഡാമിൽ നിന്നും തുടർച്ചയായി മൂന്നാം വർഷവും വലിയ തോതിൽ ജലം ഒഴുകി വിടേണ്ടി വന്നേക്കാം. കുടകിലും വയനാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും തമിഴ്നാട് വെതർമാൻ വ്യക്തമാക്കി. 

2019 ലേതിന് സമാനമായി പശ്ചിമഘട്ട മേഖലകളായ ഇടുക്കി, വയനാട് , കുടക്, ചിക്കമംഗ്ലൂര്‍, മലപ്പുറം, തൃശ്ശൂര്‍, വാല്‍പ്പാറ, നീലഗിരി എന്നിവിടങ്ങളിലെല്ലാം ഇത്തവണയും കനത്ത മഴയുണ്ടാകും.കേരളത്തില്‍ ലഭിക്കുന്ന ഈ കനത്ത മഴ എല്ലാ അണക്കെട്ടുകളെ സംബന്ധിച്ചും നിര്‍ണ്ണായകമാണെന്നും വെതർമാൻ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഇടുക്കിയിലെ പീരുമേട്, തൊടുപുഴ, പാംബ്ല ഡാം, പൊന്‍മുടി, മലപ്പുറത്തെ നിലമ്പൂര്‍, കോഴിക്കോട് കുറ്റിയാടി, കക്കയം, വയനാട്ടെ തരിയോട്, വൈത്തിരി , പടിഞ്ഞാറത്തറ, തൃശ്ശൂരിലെ പെരിങ്ങല്‍കുത്ത്, പത്തനംതിട്ടയിലെ കക്കി എറണാകുളം ജില്ലയിലെ നേര്യമംഗലം, പിറവം എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും വെതര്‍മാന്‍ പറയുന്നു. 

Tamil Nadu Weatherman Special update – Very heavy rains are expected in Kerala, Valparai, Nilgiris and Kodagu belt in…

Posted by Tamil Nadu Weatherman on Sunday, August 2, 2020