ഭാഷാപോഷിണിയിലെ അഭിമുഖത്തിൽപ്പറഞ്ഞത് വളച്ചൊടിച്ചു; ജയ് ഹിന്ദ് ചാനലിനെതിരെ രൂക്ഷവിമർശനവുമായി മുല്ലക്കര രത്നാകരൻ

single-img
3 August 2020

ഭാഷാപോഷിണി മാസികയിൽ വന്ന തന്റെ അഭിമുഖത്തിൽപ്പറഞ്ഞ കാര്യങ്ങൾ ജയ് ഹിന്ദ് ചാനൽ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുല്ലക്കര രത്നാകരൻ എം എൽ എ. മഹാഭാരതത്തിലൂടെ എന്ന തന്റെ പുസ്തകത്തെക്കുറിച്ചുള്ള അഭിമുഖത്തിൽ അർജ്ജുനനെക്കുറിച്ച് പറഞ്ഞ കാര്യം ജയ്ഹിന്ദ് വാർത്തയിൽ മുഖ്യമന്ത്രിയെക്കുറിച്ചെന്ന് വ്യാഖ്യാനിച്ചതിനെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്.

“ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയം; കോണ്‍ഗ്രസുമായി യോജിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം; സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി മുല്ലക്കര രത്നാകരന്‍” (sic) എന്നായിരുന്നു ജയ്ഹിന്ദ് ടിവിയുടെ ഓൺലൈൻ നൽകിയ വാർത്തയുടെ തലക്കെട്ട്.

“മഹാഭാരതത്തിലൂടെ” എന്ന എന്റെ പുസ്തകത്തെ അധികരിച്ച് ജയചന്ദ്രൻ ഇലങ്കത്ത് താനുമായി നടത്തിയ അഭിമുഖ സംഭാഷണമാണ് ഭാഷാപോഷിണി പ്രസിദ്ധീകരിച്ചതെന്നും അതിൽ മഹാ‍ഭാരതത്തിലെ അർജ്ജുനനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയെയാണ് സഖാവ് പിണറായി വിജയനെതിരെയുള്ള പ്രസ്താവനയാക്കി ജയ്ഹിന്ദ് വ്യാഖ്യാനിച്ചിരിക്കുന്നതെന്നും മുല്ലക്കര രത്നാകരൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

“സിപിഎമ്മിനെയോ അതിന്റെ നേതാക്കളെയോ സർക്കാരിനെയോ വിമർശിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന് ഒളിയമ്പെയ്യേണ്ട കാര്യമൊന്നും സിപിഐയ്ക്കോ അതിന്റെ നേതാക്കൾക്കോ ഇല്ല. മുന്നണി മര്യാദകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അത്തരം വിമർശനങ്ങൾ ഞങ്ങൾ ഉന്നയിക്കാറുണ്ട്. മഹാഭാരതം എന്ന ഇതിഹാസത്തെ അധികരിച്ച് ഒരു പുസ്തകമെഴുതിയതോ അതു സംബന്ധിയായ ഒരു അഭിമുഖത്തിൽ സംസാരിച്ചതോ ആർക്കെങ്കിലുമെതിരേ ഒളിയമ്പെയ്യാനല്ല.“

മുല്ലക്കര തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മുല്ലക്കര രത്നാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഭാഷാപോഷിണിയിൽ വന്ന എന്റെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി സ്വന്തം നിലയിൽ വ്യാഖ്യാനിച്ച് ജയ് ഹിന്ദ് ടിവിയുടെ ഓൺലൈൻ എഡിഷനിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടു. “ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയം; കോണ്‍ഗ്രസുമായി യോജിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം; സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി മുല്ലക്കര രത്നാകരന്‍“(sic) എന്നായിരുന്നു അവർ നൽകിയ വാർത്തയുടെ തലക്കെട്ട്. “മഹാഭാരതത്തിലൂടെ” എന്ന എന്റെ പുസ്തകത്തെ അധികരിച്ച് ജയചന്ദ്രൻ ഇലങ്കത്ത് ഞാനുമായി നടത്തിയ അഭിമുഖ സംഭാഷണമാണ് ഭാഷാപോഷിണി പ്രസിദ്ധീകരിച്ചത്. അതിൽ മഹാ‍ഭാരതത്തിലെ അർജ്ജുനനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയെയാണ് സഖാവ് പിണറായി വിജയനെതിരെയുള്ള പ്രസ്താവനയാക്കി ജയ്ഹിന്ദ് വ്യാഖ്യാനിച്ചിരിക്കുന്നത്.

സിപിഎമ്മിനെയോ അതിന്റെ നേതാക്കളെയോ സർക്കാരിനെയോ വിമർശിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന് ഒളിയമ്പെയ്യേണ്ട കാര്യമൊന്നും സിപിഐയ്ക്കോ അതിന്റെ നേതാക്കൾക്കോ ഇല്ല. മുന്നണി മര്യാദകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അത്തരം വിമർശനങ്ങൾ ഞങ്ങൾ ഉന്നയിക്കാറുണ്ട്. മഹാഭാരതം എന്ന ഇതിഹാസത്തെ അധികരിച്ച് ഒരു പുസ്തകമെഴുതിയതോ അതു സംബന്ധിയായ ഒരു അഭിമുഖത്തിൽ സംസാരിച്ചതോ ആർക്കെങ്കിലുമെതിരേ ഒളിയമ്പെയ്യാനല്ല.

ആ അഭിമുഖത്തിൽ നെഹ്രുവിനെക്കുറിച്ചും കോൺഗ്രസ് രാഷ്ട്രീയത്തെക്കുറിച്ചും ചോദിക്കുന്ന ഭാഗത്ത് വലതുപക്ഷ വർഗീയ ശക്തികളെ നേരിടാൻ കോൺഗ്രസ് കൂടുതൽ ഇടത്തേയ്ക്ക് നീങ്ങണമെന്നും ഇടതുപക്ഷം കോൺഗ്രസ് അടക്കമുള്ള മതനിരപേക്ഷ ശക്തികളുമായി യോജിച്ച് പ്രവർത്തിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. ഈ ഉത്തരത്തേയും കൂടി അർജ്ജുനനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരവുമായി ചേർത്ത് വെച്ചാണ് ജയ്ഹിന്ദിന്റെ അഭ്യാസം.

പ്രതിപക്ഷം സർക്കാരിനെതിരായി ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും ഏൽക്കാത്തതുകൊണ്ടാകാം ജയ്ഹിന്ദിനെ ഉപയോഗിച്ച് എന്നെ അതിലേയ്ക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ മാധ്യമമെന്ന നിലയിൽ ജയ്ഹിന്ദിന് അവരുടേതായ ലക്ഷ്യങ്ങൾ ഉണ്ടാകാം. പക്ഷേ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വളച്ചൊടിക്കലുകൾ മാധ്യമധർമ്മത്തിന്റെയും നിലവാരത്തിന്റെയും ഏറ്റവും താഴേത്തട്ടിലുള്ള ഗന്ധകവാതകമൂറുന്ന നെല്ലിപ്പലകകൾ തേടിയുള്ള ഒരു യാത്രയാണ് എന്ന് അവരെ ഓർമ്മിപ്പിച്ച് കൊള്ളുന്നു.

ഭാഷാപോഷിണിയിൽ വന്ന എന്റെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി സ്വന്തം നിലയിൽ വ്യാഖ്യാനിച്ച് ജയ്…

Posted by Mullakkara Retnakaran MLA on Monday, August 3, 2020