ട്രഷറി തട്ടിപ്പ്: കൂട്ട സ്ഥലംമാറ്റത്തിൽ ഇരയാകുന്നത് തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാർ

single-img
3 August 2020

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ ജീവനക്കാരൻ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ട്രഷറി ഓഫീസിലെ മുഴുവൻ ജീവനക്കാരെയും സ്ഥലം മാറ്റാൻ സർക്കാർ തീരുമാനം. എന്നാൽ ഇതുമായി ഒരു ബന്ധവുമില്ലാത്ത ജീവനക്കാരെ സ്ഥലം മാറ്റുന്നതിലൂടെ മുഖം രക്ഷിക്കുന്നതിനായി സർക്കാർ കാടടച്ച് വെടിവെയ്ക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്.

വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് രണ്ടുകോടി രൂപ ബിജുലാല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബിജുലാലിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിന് ശേഷമാണ് ഇത്തരമൊരു നടപടിയെടുക്കാൻ തീരുമാനമായത്. പിരിച്ചുവിടലിന്റെ നടപടിക്രമങ്ങള്‍ അഞ്ചു ദിവസത്തിനകം പൂര്‍ത്തിയാക്കും. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തമുള്ള വഞ്ചിയൂർ സബ് ട്രഷറി ഓഫീസർ, ജില്ലാ ട്രഷറി ഓഫീസർ, ജില്ലാ അഡ്മ്നിസ്ട്രേറ്റർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാതെ ഓഫീസിലെ ഇതുമായി ബന്ധമില്ലാത്ത മറ്റുദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റുന്നതിൽ ജീവനക്കാർക്കിടയിൽ അമർഷം ഉയരുന്നുണ്ട്. വിരമിച്ച സബ് ട്രഷറി ഓഫീസറുടെ പാസ്വേർഡ് മാറ്റാനുള്ള ഉത്തരവാദിത്തം മേൽപ്പറഞ്ഞ മൂന്ന്‌ ഉദ്യോഗസ്ഥർക്കാണ്. അത് ചെയ്യാതിരുന്നതിനാലാണ് ബിജുലാലിന് തട്ടിപ്പ് നടത്താനായതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഓഫീസിലെ മറ്റ് ജീവനക്കാരാണ് തട്ടിപ്പ് ആദ്യം കണ്ടെത്തുന്നതും റിപ്പോർട്ട് ചെയ്യുന്നതും.

ബിജുലാലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. 61.23 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാല്‍ മാറ്റി. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 20 മുതല്‍ തട്ടിപ്പ് തുടങ്ങിയെങ്കിലും ജൂലായ് 27-നാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ ബിജുലാലാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് ട്രഷറിവകുപ്പ് പോലീസില്‍ പരാതി നല്‍കിയത്.