കല്ലണ: ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്; രണ്ടായിരം വർഷത്തെ പഴക്കമുണ്ടങ്കിലും ഇപ്പോഴും പൂർണ്ണയളവിൽ പ്രവർത്തന സജ്ജം

single-img
3 August 2020

ആർബി ബോസ്

കല്ലണ എന്ന പേര് മുല്ലപ്പെരിയാർ ഡാമിന്റെ ചർച്ചയിലാണ് ആദ്യം കേട്ടത്. രണ്ടായിരം വർഷം പഴക്കമുള്ള കല്ലണ ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്നു എന്നായിരുന്നു തമിഴ് നാടിന്റെ വാദം. കല്ലണയുടെ സമീപ സ്ഥലമായ തഞ്ചാവൂർ വഴി പിന്നീട് പല തവണ പോയെങ്കിലും കല്ലണ പോയിക്കാണാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ ദീപാവലിക്ക് തഞ്ചാവൂരിനടുത്ത് വരകൂറിലുള്ള സുഹ്രുത്തിന്റെ വീട്ടിൽ പോയപ്പോൾ കല്ലണ പോയിക്കണ്ടു.

കാഴ്ചയിൽ ഇടുക്കിയോ മുല്ലപ്പെരിയാറോ പോലെ തലയെടുപ്പുള്ള വലിയ ഡാമൊന്നുമല്ലങ്കിലും നിർമ്മാണ കാലഘട്ടവും ചരിത്രവും കൊണ്ട് കല്ലണ നമ്മെ വിസ്മയിപ്പിക്കും. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണക്ക് ഇപ്പോൾ രണ്ടായിരം വർഷത്തെ പഴക്കമുണ്ടങ്കിലും യാതൊരു ബലക്ഷയവുമില്ലന്ന് മാത്രമല്ല പൂർണ്ണയളവിൽ പ്രവർത്തന സജ്ജവുമാണ്.

സെക്കൻറിൽ രണ്ട് ലക്ഷം ഖനയടി വെള്ളം കുതിച്ചൊഴുകുന്ന കാവേരിയിൽ ആധുനിക സാങ്കേതിക വിദ്യയൊന്നുമില്ലാതിരുന്ന ഒന്നാം നൂറ്റാണ്ടിൽ എങ്ങനെയാണ്കരികാല ചോളൻ ഈ ഡാം നിർമ്മിച്ചത്?. കടൽക്കരയിലെ മണലിൽ നമ്മൾ ചവിട്ടി നിൽക്കുമ്പോൾ തിരയടിച്ച് വന്ന് നമ്മുടെ കാലടിയിലെ മണ്ണ് ഒലിപ്പിച്ച് കൊണ്ടു പോകുകയും കാല് മണ്ണിലേക്ക് കൂടുതൽ താണുപോകുകയും ചെയ്യും. ഈ ഓർമ്മയിൽ നിന്നാണ് ചോളൻ അണക്കെട്ടിനുള്ള തന്ത്രം രൂപപ്പെടുത്തിയത്.

വെള്ളത്തിന് ഒഴുക്കി കൊണ്ട്പോകാൻ പറ്റാത്ത വിധമുള്ള ഭീമാകാരമായ കല്ലുകൾ കൊണ്ടുവന്ന്
കുലം കുത്തിയൊഴുകുന്ന കാവേരിയിലേക്ക് ഇട്ടു കൊണ്ടിരുന്നു. കല്ലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്നതനുസരിച്ച്കല്ല് മണ്ണിലേക്ക് താഴും. അപ്പോൾ വീണ്ടും അതിന് മുകളിൽ കല്ലിടും
ഇങ്ങനെ തുടർച്ചയായി കല്ലിട്ട് തന്നെ ഒരുറച്ച അടിത്തറ രൂപപ്പെടുത്തിയെടുത്ത്അതിന് മുകളിൽ കരിങ്കല്ലും സുർക്കിയും ഉപയോഗിച്ച് 1,079 അടി നീളവും 66 അടി വീതിയും 18 അടി ഉയരവുമുള്ള അണക്കെട്ട് നിർമ്മിച്ചെടുത്തു എന്നാണ് കരുതപ്പെടുന്നത്.

പറയുമ്പോൾ സംഗതി നിസാരമായി തോന്നുമെങ്കിലും അതത്ര എളുപ്പമല്ലായിരുന്നു പ്രധാന തടസ്സം കല്ല് തന്നെയായിരുന്നു. അണകെട്ടാൻ തീരുമാനിച്ച ഭാഗത്തൊന്നും കല്ലുകളും മലകളുമൊന്നുമുണ്ടായിരുന്നില്ല.
വളരെ ദൂരെ നിന്നും ആനകളെയും അടിമകളെയും പിന്നെ കാളവണ്ടിയും ഉപയോഗിച്ച് കല്ലെത്തിച്ചാണ്
അണ നിർമ്മിച്ചത്. കല്ല് പിളർക്കുന്ന രാജ കല്പനയും അടിമകളുമൊക്കെയുണ്ടങ്കിൽ മാത്രം നടക്കുന്ന കാര്യം.

കല്ലണ വന്നതാടെ ഇവിടെ കാവേരിയെ വെണ്ണാർ, പുതാർ, എന്നിങ്ങനെ രണ്ടായി പിരിച്ചു. ഇതു മൂലം 69,000 ഏക്കർ കൃഷിക്കും ജലസേചനത്തിനും അധികമായി പ്രയോജനപ്പെട്ടു. 16-ാം നൂറ്റാണ്ട് വരെ സുശക്തമായി നിന്ന
കല്ലണ കാലപ്രവാഹത്തിൽ മണൽ നിറഞ്ഞ് ഉപയോഗ ശൂന്യമായി. 1804 ല്‍ ബ്രിട്ടീഷ് മിലിട്ടറി എന്‍ജിനീയറായ ക്യാപ്റ്റന്‍ കാഡ്വെല്ലിന്റെ നേതൃത്വത്തിൽ അണക്കെട്ടിന്റെ അറ്റകുറ്റ പണി പൂർത്തികരിച്ച് ഉയരം 27 ഇഞ്ച് ഉയർത്തി ഡാമിന്റെ സംഭരണശേഷി കൂട്ടി.

പിന്നീട് 1902 ൽ സര്‍ ആര്‍തര്‍ കോട്ടണ്‍ രൂപകല്പന ചെയ്ത് കല്ലണയുടെ ഭാഗമായി പൂര്‍ത്തീകരിച്ച കൊള്ളിടം ലോവർ അണക്കെട്ട്കല്ലണയുടെ തനിപ്പകര്‍പ്പാണ്. ചോള ഭരണകാലത്തെ എന്‍ജിനീയറിങ് വൈദഗ്ദ്യത്തിന്റെ ഉല്‍ക്കൃഷ്ട ഉദാഹരണമായ കല്ലണക്ക് ബ്രിട്ടിഷ്കാർ ഗ്രാൻറ് അണക്കെട്ട് എന്ന് പുനർ നാമകരണം നടത്തി.

ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നായ കല്ലണ ഇപ്പോൾ തമിഴ് നാടിന്റെ റൈസ് ബൗൾ അഥവാ ഡെൽറ്റാ മാവട്ടം എന്നറിയപ്പെടുന്ന തഞ്ചാവൂർ,നാഗപട്ടണം തിരുച്ചിറപ്പള്ളി,പുതുക്കോട്ട പെരുമ്പല്ലൂർ ജില്ലകളിലായി നാലു ലക്ഷം ഏക്കറിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നു. തഞ്ചാവൂരിൽ നിന്നും 45 കിലോമീറ്ററും തൃച്ചിയിൽ നിന്നും 20 കിലോമീറ്ററും പോയാൽ കല്ലണണയിൽ എത്താം. ഡാമിന്റെ സമീപത്തായീ ഒരു പാർക്കും കരികാല ചോളന്റെ മണിമണ്ഡപവും അടുത്ത കാലത്തായി നിർമ്മിച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടിൽ നിർമ്മിച്ച പ്രസിദ്ധമായ പൂണ്ടിമാത ചർച്ച് ഇതിനടുത്താണ്.