സ്വർണ്ണക്കടത്തു കേസിന് തീവ്രവാദ ബന്ധ സ്ഥിരീകരണം: അധ്യാപകൻ്റെ കെെവെട്ടിയ കേസിലെ രണ്ടു പ്രതികളെ അറസ്റ്റു ചെയ്തു

single-img
3 August 2020

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരണം. തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയടക്കം രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതി മുഹമ്മദലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് അറസ്റ്റ് ചെയ്തതിരിക്കുന്നത്. 

സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെടി റമീസിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് രണ്ട് പേരെയും എൻഐഎ സംഘം പിടികൂടുകയായിരുന്നു. റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് എൻഐഎയുടെ റിപ്പോർട്ട്.

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ വെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ജൂൺ 24, 26 തീയതികളിലാണ് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തത്.

അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വർണക്കടത്ത് കേസിൽ പിടിയിലായത് നിർണായക വഴിത്തിരിവാണെന്നാണ് എൻഐഎ സംഘത്തിന്റെ വിലയിരുത്തൽ. സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന കണ്ടെത്തൽ സാധൂകരിക്കുന്നതാണിത്. കേസിന്റെ തുടരന്വേഷണത്തിൽ തീവ്രവാദ ബന്ധം തെളിയിക്കുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

ഇരുവരേയും മൂവാറ്റുപുഴയിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.