ശക്തർ ദുർബലരായി, മുഖഛായയാകെ മാറി: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ട് ആറുമാസം

single-img
3 August 2020

കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. 2019 അവസാനത്തില്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് ലോകം മുഴുവനും വ്യാപിച്ച് ഇതുവരെ 6.88 ലക്ഷം ജീവനുകളാണെടുത്തത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ആറുമാസം പൂർത്തിയായി. 

കോവിഡ് വ്യാപനം രൂക്ഷമായ പല രാജ്യങ്ങളിലും വീണ്ടും പുതിയ നടപടികൾ കെെക്കൊണ്ടിരിക്കുകയാണ്. ആദ്യപടിയായി ഓസ്‌ട്രേലിയ ഭാഗികമായി ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. മെല്‍ബണില്‍ അടുത്ത ആറാഴ്ചത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക് ഡൗണിന് അയവുണ്ടായതോടെ ഓസ്ട്രേലിയയിൽ സ്കൂളുകൾ തുറന്നിരുന്നു. ഇവിടെ വരും ദിവസങ്ങളില്‍ സ്‌കൂളുകളും കോളേജുകളും വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്ക് പോകും.

അമേരിക്കയിൽ സ്ഥിതി വളരെയേറെ രൂക്ഷമാണ്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. ഇവിടെ  ദിവസവും അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അമേരിക്കയില്‍ 48ലക്ഷത്തിലധികം ആളുകളെയാണ് കോവിഡ് ഇതുവരെ ബാധിച്ചത്. മരണസംഖ്യയും വളരെ കൂടുതലാണ്. 1.58 ലക്ഷം പേരാണ് മരണത്തിന് കീഴടങ്ങിയത്. 

അമേരിക്കയുടെ തൊട്ടുപിറകിൽ ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതും മരണവും രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 94,130 പേരാണ് ബ്രസീലില്‍ മരണമടഞ്ഞത്. കേസുകളാവട്ടെ 27ലക്ഷം കടന്നു. 

ബ്രസീല്‍ കഴിഞ്ഞാൽ ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ത്യയിലാണെങ്കിലും മരണനിരക്ക് ഇന്ത്യയിൽ കുറവാണ്. മെക്‌സിക്കോയാണ് മരണനിരക്കില്‍ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. 47,472 പേർ ബ്രസീലിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. തൊട്ടുപുറകെ 46,201 പേർ മരിച്ച ബ്രിട്ടനാണ് എത്തി നിൽക്കുന്നത്. 

അതേസമയം ഇന്ത്യയില്‍ കേസുകളുടെ എണ്ണം 18 ലക്ഷം കടന്നു. കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മരണസംഖ്യ കുറവാണെന്നുള്ളത് വലിയ ആശ്വാസമാണ് പകരുന്നത്. എന്നിരുന്നാലും ഇന്ത്യയിൽ മരണസംഖ്യ 38,000 കടന്നു കഴിഞ്ഞു. 

കോവിഡ് വെെറസിനെതിരെ ഫലപ്രദമായ വാക്സിൻ ഇല്ലാത്തതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കുനന്ത്. അതേസമയം വിവിധ രാജ്യങ്ങൾ വാക്സിൻ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. റഷ്യയിൽ മനുഷ്യരിലെ പരീക്ഷണം അവസാനിച്ച് വാക്സിൻ വിപണിയിലെത്തിത്തുടങ്ങിയിട്ടുണ്ട്. 

കോവിഡ് വാക്സിൻ്റെ വരവിലാണ് ഏവരുടെയും പ്രതീക്ഷ. വാക്സിൻ്റെ വരവോടെ കോവിഡ് പ്രതിസന്ധി ഒഴിയുമെന്നാണ്‌ ലോകരാജ്യങ്ങൾ കരുതുന്നതും. സആറു മാസത്തിനുള്ളിൽ ലോകത്തിൻ്റെ മുഖഛായ തന്നെ മാറ്റിയ ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ അതല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലെന്നുള്ളതും ആ പ്രതീക്ഷയ്ക്ക് ആ്കം കൂട്ടുന്നു.