ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണം?: വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു

single-img
2 August 2020

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചതായി റിപ്പോർട്ടുകൾ.  സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയനായ ശിവശങ്കറിനെതിരെയുള്ള വിജിലൻസ് നീക്കങ്ങൾ സർക്കാരിനെ പ്രതിസന്ധിലാക്കുന്നതാണ്. ഐടി വകുപ്പിലെ വിവാദ നിയമനം ഉള്‍പ്പെടെ പ്രതിപക്ഷ നേതാവിന്റെ അടക്കമുളളവരുടെ പരാതികള്‍ വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. 

പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയാണ് വിജിലന്‍സ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്‍സ് നടപടി സ്വീകരിച്ചത്. അഴിമതി നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതിയില്‍ സര്‍ക്കാരിന്റെ അനുമതി വിജിലന്‍സ് തേടുന്നത് പതിവാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ഉളളടക്കം. 

ആഭ്യന്തര അഡീഷണല്‍ ചിഫ് സെക്രട്ടറി പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കൂടി തീരുമാനം അറിഞ്ഞശേഷമേ തുടര്‍നടപടികളുമായി വിജിലന്‍സ് മുന്നോട്ടു പോകു.

ഐടി വകുപ്പിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവയില്‍ ഉയര്‍ന്നുവന്നിട്ടുളള ആരോപണങ്ങളെ സംബന്ധിച്ചാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളളവര്‍ പരാതി നല്‍കിയത്. ഇതിന്മേലാണ് വിജിലന്‍സ് നടപടി സ്വീകരിച്ചത്.