യാത്രക്കാരിയെ ഉൾപ്പെടെ ടാക്‌സി കാര്‍ തട്ടിയെടുത്തു; രണ്ട് മണിക്കൂര്‍ ചേസിംഗിലൂടെ മോഷ്ടാവിനെ കീഴടക്കി പോലീസ്

single-img
2 August 2020

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ യാത്രക്കാരിയെ ഉള്‍പ്പെടെ ടാക്‌സി കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ മോഷ്ടാവ് പിടിയില്‍. സംസ്ഥാനത്തെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സ്വദേശിയായ പ്രിന്‍സ് ശര്‍മ്മ എന്ന യുവാവാണ് യാത്രക്കാരിയെ ഉള്‍പ്പെടെ കാര്‍ തട്ടിയെടുത്തത്. യുവാവ് കാര്‍ തട്ടിക്കൊണ്ടു പോകുന്നത് കണ്ട രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഇയാളെ പിന്തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട ചേസിംഗിലൂടെ പിടികൂടുകയായിരുന്നു.

തന്നെ പോലീസ് പിന്തുടരുന്നത് കണ്ട് മോഷ്ടാവ് കാര്‍ ഡിവൈഡറിലേക്ക ഇടിപ്പിച്ചുകയറ്റിയ ശേഷം ഇറങ്ങി ഓടിയെങ്കിലും പോലീസുകാര്‍ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സിനിമയെ വെല്ലുന്ന മോഷണരംഗം നടക്കുന്നത്. സാഹസികമായി മോഷ്ടാവിനെ കീഴ്‌പ്പെടുത്തി യാത്രക്കാരിയെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് നോര്‍ത്ത് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് അറിയിച്ചു.

ഡല്‍ഹി സ്വദേശിയായ നൂര്‍ മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മോഷ്ടിക്കപ്പെട്ട ടാക്സികാര്‍. യാത്രയ്ക്കിടയില്‍ ഗാന്ധി വിഹാറിന് സമീപത്തെ സി.എന്‍.ജി റീഫ്യുവലിംഗ് സ്‌റ്റേഷനില്‍ ഇയാള്‍ വാഹനം നിര്‍ത്തി ക്ഷീണിതയായ യാത്രക്കാരിക്ക് വേണ്ടി ജ്യൂസ് വാങ്ങുന്നതിന് പുറത്തേക്ക് പോയിരുന്നു. തുടര്‍ന്ന്തിരികെയെത്തി വണ്ടി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് നൂര്‍ മുഹമ്മദിനെ കീഴ്‌പ്പെടുത്തി കാറുമായി കടന്നുകളയുകയായിരുന്നു.