ലാബി ജോർജ്ജിന്റേതടക്കമുള്ള നിയമനങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്ന് ചെന്നിത്തല

single-img
2 August 2020

അമേരിക്കൻ പൌരത്വമുള്ള ലാബി ജോർജ്ജിന്റേതടക്കമുള്ള ഐടി വകുപ്പിലെ നിയമനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല. ഐ.ടി. വകുപ്പിന്റെ കരാർ നിയമനങ്ങളിൽ സുതാര്യത ഇല്ല. അടിസ്ഥാന യോഗ്യതയില്ലാത്ത പലരും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി നേടിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ലാബി ജോർജ്ജ് സ്റ്റാര്‍ട്ട്അപ് മിഷനിലെ ഫെലോ സ്ഥാനം രാജി വെച്ചത് കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ അമേരിക്കൻ പൗരയുടെ നിയമനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും പിന്നീട് സർക്കാർ ഒട്ടേറെ വിവാദങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുകയും ചെയുന്ന സാഹചര്യത്തിലാണ് ഇവർ രാജി വെച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഒരു വിദേശവനിത ഒരു സർക്കാർ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിൽ നിയമിതയായി എന്നത് ചെറിയകാര്യമല്ല. കേരളത്തിൽ PSC റാങ്ക് ലിസ്റ്റിലുള്ളവർ വർഷങ്ങളോളം കാത്തിരുന്നിട്ടും അവരെ തഴഞ്ഞ് ഇത്തരമൊരു പിൻവാതിൽ നിയമനം നടത്തിയതിന് പിന്നിലെ ഗുഢോദ്ദേശം വെളിച്ചത്തു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന യോഗ്യതയില്ലാത്ത പലരും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി നേടിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആരോപിച്ചു.

ലാബി ജോർജ്ജ് സ്റ്റാര്‍ട്ട്അപ് മിഷനിലെ ഫെലോ സ്ഥാനം രാജി വെച്ചത് കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു. ഈ അമേരിക്കൻ പൗരയുടെ…

Posted by Ramesh Chennithala on Sunday, August 2, 2020

അമേരിക്കൻ പൌരത്വമുള്ള മലയാളിയായ ലാബി ജോർജ്ജ് എന്ന വനിതയെയാണ് സ്റ്റാർട്ടപ്പ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിംഗ് വിഭാഗത്തിൽ സീനിയർ ഫെലോ ആയി നിയമിച്ചിരുന്നത്. ഇവരുടെ നിയമനം അനധികൃതമാണെന്ന് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇവർ രാജിവെയ്ക്കുകയായിരുന്നു. ഇവരുടേതടക്കമുള്ള നിയമനങ്ങളിലേക്ക് മാധ്യമ ശ്രദ്ധ വരാതിരിക്കാൻ സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ ഇവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇഞ്ചിപ്പെണ്ണ് എന്ന അപരനാമത്തിലറിയപ്പെടുന്ന ലാബി ജോർജ്ജ് സ്റ്റാർട്ടപ്പ് മിഷനിലെ ജോലിക്കിടെ കൊച്ചിയിൽ വോക് ജേർണൽ എന്നപേരിൽ ഒരു മാധ്യമസ്ഥാപനം നടത്തിയിരുന്നു.

സ്റ്റാർട്ടപ്പ് മിഷനിലെ ഒരു ഫെലോ എന്നതിനപ്പുറം പ്രളയ ദുരിതാശ്വാസം മുതൽ കോവിഡ് മാനേജ്മെന്റ് വരെയുള്ള പൌരന്മാരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട ഐടി വകുപ്പിന്റെ പ്രവർത്തനങ്ങളിലെല്ലാം ലാബി ജോർജ്ജ് എന്ന അമേരിക്കൻ വനിതയുടെ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന് ഇവാർത്തയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് മിഷനിലും സ്റ്റാർട്ടപ്പ് കമ്പനികളെ മെന്റർ ചെയ്ത് ലാഭത്തിലെത്തിച്ച് അവർക്ക് നിക്ഷേപങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്ന ജോലിയായിരുന്നു ലാബി ജോർജ്ജ് ചെയ്തിരുന്നത്. നിക്ഷേപത്തിനായി ലാബി ജോർജ്ജ് ചർച്ചകൾ നടത്തിയിരുന്നത് പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ പോലുള്ള കമ്പനികളുമായിട്ടായിരുന്നു.