ആരാ പറഞ്ഞത് ചന്ദ്രയാൻ- 2 ദൗത്യം പരാജയമാണെന്ന്: ചന്ദ്രയാൻ 2 പണി തുടങ്ങിക്കഴിഞ്ഞു

single-img
2 August 2020

ബഹിരാകാശ ചരിത്രത്തിൽ നിർണ്ണായകമായ ഇടപെടലായിരുന്നു ഇന്ത്യയുടെ ചന്ദ്രയാൻ- 1 നടത്തിയത്. ലോകം എന്നും വിസ്മയത്തോടെ മാത്രം നോക്കിക്കണ്ടിട്ടുള്ള ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനേക്കാൾ അധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന്‌ ഈ ഉപഗ്രഹം കാരണമായിരുന്നു. 2009 സെപ്റ്റംബർ 24-നാണ്‌ ഈ കണ്ടെത്തൽ പുറത്തുവിട്ടത്. ഇന്ത്യയെ ലോക ബഹിരാകാശ ഭൂപടത്തിൽ അടയാളപ്പെടുത്തിയ സംഭവം കൂടിയായിരുന്നു അത്. 

ഇപ്പോഴിതാ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തെ കുറിച്ച് പ്രതീക്ഷയേകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ ദൗത്യത്തിൻ്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ചുവെന്നാണ് പുതിയ കണ്ടെത്തൽ എത്തിയിരിക്കുന്നത്. പരാജയം എന്നു വിധിയെഴുതിയ ദൗത്യം വിജയത്തിലേക്ക് മുന്നേറുകയാണെന്ന വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. ചെന്നെെ സ്വദേശിയും ടെക്കിയുമായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 

വിക്രം ലാന്‍ഡറിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോ‌ർട്ടുകളുണ്ടായിരുന്നു. അന്ന് ഇതേ നിരീക്ഷണം നടത്തിയതും ഷൺമുഖ സുബ്രഹ്മണ്യനാണ്. 

2019 സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. അതിനു ശേഷം ലാന്‍ഡറുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.  എന്നാൽ അന്ന് തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യൻ വിക്രം ലാന്‍ഡറിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഈ റിപ്പോർട്ട് പുറത്തു വിട്ട് നാസയാണെന്നും ഓർക്കണം. 

അന്നു മുതൽ ഇന്നുവരെ ഷൺമുഖ സുബ്രഹ്മണ്യം ചന്ദ്രയാൻ 2വിൻ്റെ നിരീക്ഷണത്തിൽ വ്യാപൃതനാണ്. ഇതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട് തൻ്റെ ഏറ്റവും പുതിയ കണ്ടെത്തൽ അദ്ദേഹം വെളിപ്പെടുത്തിയത്. ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി ചന്ദ്രോപരിതലത്തിൽ സഞ്ചാരം നടത്തിയെന്നാണ് ഷൺമുഖം വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ട് ലോകം പ്രതീക്ഷയോടെയാണ് ശ്രവിച്ചിരിക്കുന്നതും. 

തൻ്റെ കണ്ടെത്തലിൻ്റെ ഭാഗമായി മറ്റു നിരവധി വസ്തുതകളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ചന്ദ്രയാൻ 2വിൻ്റെ പ്രഗ്യാൻ റോവർ ചന്ദ്രൻ്റെ ഉപരിതലത്തിൽ കേടുകൂടാതെ ഇരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അത് വിക്രംലാൻഡറിൽ നിന്ന് ഏതാനും മീറ്റർ അകലെ സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ ഇടിച്ചിറങ്ങിയതിനാൽ പേലോഡുകൾ വിഘടിച്ചിരിക്കുകയാണ്. മാത്രമല്ല റോവറിൻ്റെ ചലന ദൃശ്യങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

റോവർ ലാൻഡറിൽ നിന്ന് പുറത്തിറങ്ങി. ഉപരിതലത്തിൽ നിന്ന് കുറച്ചുമീറ്റർ സഞ്ചരിച്ചതായും സുബ്രഹ്മണ്യം പറയുന്നു. ചന്ദ്രയാൻ 2ൻ്റെ പ്രഗ്യാൻ റോവറിന്റെ ചലനങ്ങൾ അറിയാൻ നാസയുടെ ഐ എസ് ഐ എസ് 3-  യു എസ് ജി എസ് 3 സോഫ്റ്റ് വെയറുകളാണ് സുബ്രഹ്മണ്യൻ ഉപയോഗിച്ചത്. കണ്ടെത്തിയ കാര്യങ്ങൾ നാസയുമായും, ഇസ്രോയുമായും അദ്ദേഹം പങ്കുവച്ചുകഴിഞ്ഞു. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ സുബ്രഹ്മണ്യം. 

അതേസമയം അദ്ദേഹത്തിൻ്റെ വാദങ്ങളെ ഇസ്രോയും ശരിവച്ചു. സുബ്രഹ്മണ്യൻ തങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ വിദഗ്ദ്ധർ വിശകലനം ചെയ്യുകയാണെന്നും ഇസ്രോ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. 

സുബ്രഹ്മണ്യൻ്റെ കണ്ടെത്തലുകൾ പുതിയ പ്രതീക്ഷയാണ് ബഹിരാകാശ ഗവേഷണ രംഗത്തിന് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ലോകരാജ്യങ്ങൾക്കു മുന്നിൽ തലയുയർത്തി നിൽക്കുവാനുള്ള അവസരവും.