ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്ന് രണ്ട് കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവം; സബ് ട്രഷറി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

single-img
1 August 2020

സര്‍വീസില്‍ നിന്നും മെയ് 31 ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർ നയിമും പാസ് വേർഡും ഉപയോഗിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൌണ്ടിൽ നിന്ന് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥൻ പണം തട്ടിയ സംഭവത്തിൽ സീനിയർ അക്കൗണ്ടന്റിനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ സബ് ട്രഷറിയിലാണ് ഇത്തരത്തില്‍ വിദഗ്ദമായി പണം തിരിമറി നടത്തിയത്.

പണം തട്ടിയെടുത്തതായ സംശയത്തില്‍ നടത്തിയ അന്വേഷണത്തില്‍ സബ് ട്രഷറി ഓഫീസർ വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൌണ്ടൻറായ എം ആര്‍ ബിജുലാൽ രണ്ട് കോടി രൂപ സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിജുലാലിനെതിരെ കേസെടുക്കും.

ജൂലൈ 27 നാണ് തട്ടിപ്പിലൂടെ പണം മാറ്റിയത് എന്നായിരുന്നു അന്വേഷണത്തില്‍ സബ് ട്രഷറി ഓഫീസർ പ്രാഥമികമായി കണ്ടെത്തിയത്. പണം മാറ്റിയ ശേഷം ബിജുലാല്‍ ഇടപാടിൻറെ വിശദാംശങ്ങൾ ഡിലീറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. പക്ഷെ ഓഫീസില്‍ പണം കൈമാറുന്നതിനുള്ള ഡെ ബുക്കിൽ രണ്ട് കോടിയുടെ വ്യത്യാസം കാണുകയും ഈ വ്യത്യാസം എങ്ങനെ സംഭവിച്ചു എന്ന് നടത്തിയ പരിശോധനയിലുമാണ് തട്ടിപ്പ് പുറത്തു വന്നത്.

സാധാരണ രീതിയില്‍ വിരമിക്കുന്ന ഉദ്യോഗസ്ഥന്റെ യൂസർ നെയിമും പാസ്വേർഡും വിരമിക്കുന്ന ദിവസം തന്നെ റദ്ദാക്കപ്പെടുന്നതാണ്. പക്ഷെ ഇവിടെ, മെയ് 31 ന് വിരമിച്ച ഉദ്യോഗസ്ഥൻറെ യൂസർ നയിമും പാസ് വേർഡും ഉപയോഗിച്ച് ജൂലൈ 27 ന് പണം മാറ്റിയതായാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെ ഇതൊരു സങ്കീർണമായ തട്ടിപ്പാണെന്നും കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു. മാത്രമല്ല, ഈ വ്യക്തി ഇതേരീതിയില്‍ കൂടുതൽ പണം ഇതിന്ത മുന്‍പും തട്ടിയിട്ടുണ്ടോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും.