സൗദിയില്‍ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

single-img
1 August 2020

ഗള്‍ഫ് രാജ്യമായ സൗദിയില്‍ കൊവിഡ് വൈറസ് ബാധയില്‍ നിന്നും മുക്തരായവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 86 ശതമാനമായാണ് ഉയര്‍ന്നത്. ഇന്ന് മാത്രം 1890 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം രാജ്യത്താകെ കൊവിഡ് ഭേദമായവരുടെ എണ്ണം 2,37,548 ആയി ഉയര്‍ന്നു.

ഇന്ന് 1573 പേര്‍ക്കാണ് സൗദിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇതോടുകൂടി ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,77,478 ആയി മാറി. അതേപോലെ തന്നെ 21 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 2,887 ആയി ഉയരുകയും ചെയ്തു.

37,043 ആളുകളാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇവരില്‍ 2,016 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ് 6, ജിദ്ദ 3, ത്വാഇഫ് 8, ബുറൈദ 1, ഹാഇൽ 1, സകാക 1, അൽബഹാ 1 എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്.