അവഗണിക്കപ്പെട്ട ജനവിഭാഗമായ ലൈംഗികത്തൊഴിലാളികളുടെ മക്കളെ ഏറ്റെടുത്ത് ഗൗതം ഗംഭീർ

single-img
1 August 2020

സമൂഹത്തിനുമുന്നിൽ കരുണയുടെ മാതൃകകാട്ടി ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. ഏവരുടെയും അവഗണനയ്ക്ക് ഇരയായി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ലൈംഗികത്തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുവാനും അവർക്ക് മികച്ച വിദ്യാഭ്യാസം നൽകി ജീവിത സൗകര്യം ഒരുക്കുവാനുമാണ് ഗൗതം ഗംഭീറിൻ്റെ ലക്ഷ്യം. ഈ ലക്ഷ്യം മുൻനിർത്തി ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഗൗതം ഗംഭീര്‍ അറിയിച്ചു. 

ന്യൂഡല്‍ഹി ഗാസ്റ്റിന്‍ ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നല്‍കുമെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. പാൻഖ (PAANKHA) എന്നു പേരു നൽകിയിരിക്കുന്ന പദ്ധതിയിലൂടെ പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്.

ഈ സമൂഹം എല്ലാവരുടേതുമാണ്. സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഈ കുട്ടികള്‍ക്ക് ഞാങ്ങൾ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. സ്വപ്നങ്ങള്‍ മുന്‍പില്‍ കണ്ടുകൊണ്ടു തന്നെ അവര്‍ക്കു ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുകയാണ്- ഗൗതം ഗംഭീര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. 

കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും. അവഗണിക്കപ്പെട്ട ജീവിക്കുക എന്നുള്ളത് സ്വന്തം ജീവിതത്തിൽ എഴുതിച്ചേർക്കുന്ന ഇവർക്ക് പുതുജീവിതം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് ചില കുട്ടികളുടെ രക്ഷകർത്താക്കൾ പറയുന്നുണ്ട്. തങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് പലരും വ്യക്തമാക്കുന്നുണ്ട്. 

ഇക്കാര്യത്തിൽ വളരെ വിപുലമായ പദ്ധതിയാണ് ഗൗതം ഗംഭീറിൻ്റെ നേതൃത്വത്തിൽ ഒരുക്കുന്നത്. ഇത് ഒന്നാം ഘട്ടം മാത്രമാണ്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കുമെന്നും ഗൗതം ഗംഭീർ പറഞ്ഞു. അഞ്ചു മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കു സ്ഥിരമായി കൗണ്‍സിലിങ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഇങ്ങനെയുള്ള കുട്ടികളെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. 

സമൂഹത്തിൽ അവഗണിക്കപ്പെട്ട ജീവിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾക്കാണ് ഗൗതം ഗംഭീറിൻ്റെ നേതൃത്വത്തിൽ ഭാവിജീവിതം ഒരുക്കുന്നത്. മികച്ച ജീവിത സാഹചര്യങ്ങൾ സ്വപ്നം കാണുവാൻ മാത്രം വിധിക്കപ്പെട്ടവർക്ക് മുന്നിൽ അത് യാഥാർഥ്യമാവുകയാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ലക്ഷ്യബോധത്തോടെയുള്ള ഉത്തരവാദിത്വമാണ് ഗൗതം ഗംഭീർ നടപ്പിലാക്കുന്നത് എന്ന് വ്യക്തം.