കോവിഡ് നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരി, പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കും: ലോകാരോഗ്യ സംഘടന

single-img
1 August 2020

ഇപ്പോൾ ലോകമാകെ ഭീതി വിതയ്ക്കുന്ന കൊവിഡിന്‍റെ പ്രത്യാഘാതങ്ങള്‍ ഈ അവസ്ഥ മാറിയാലും ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യസംഘടന. വൈറസ് വ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട് ആറ് മാസത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യസംഘടന യുടെ അടിയന്തരസമിതി ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നല്‍കിയത്.

“കൊറോണ എന്നത് നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണ്. ദശാബ്ദങ്ങള്‍ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ നീണ്ടുനില്‍ക്കും”- ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോംമിന്റെ വാക്കുകൾ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ലോകാരോഗ്യസംഘടന അടിയന്തരസമിതി ഇത്തവണ കൊവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്.

ഇപ്പോഴുള്ള പുതിയ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി പരിഗണിക്കുന്നുണ്ട്. എന്ത് വിലകൊടുത്തും എത്രയും വേഗത്തിൽ വാക്‌സിന്‍ വികസിപ്പിക്കുക മാത്രമാണ് കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്ന് ടെഡ്രോസ് പറയുന്നു.

രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയ്ക്ക് പുറത്ത് ഒരു കേസും ഇല്ലാതിരുന്ന, ഒറ്റ മരണം പോലും ഇല്ലാതിരുന്ന സമയത്താണ് നമ്മള്‍ പൊതു ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.