സുശാന്തിന്റെ മരണം; കാമുകിയായിരുന്ന നടി റിയ ചക്രബർത്തിയെ കാണാനില്ലെന്ന് ബീഹാർ പോലീസ്

single-img
1 August 2020

പ്രശസ്ത മോഡലും നടിയും, അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബർത്തിയെ കാണാനില്ലെന്ന് ബീഹാർ പോലീസ്. നടൻ സുശാന്ത് സിംഗിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് റിയ ചക്രബർത്തി ആണെന്ന് ആരോപിച്ചുകൊണ്ട് പിതാവ് നൽകിയ കേസ് അന്വേഷിക്കുന്നത് ബീഹാർ പോലീസാണ്.

ഈ കേസിന്റെ അന്വേഷണം ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണെന്നും റിയ ചക്രബർത്തി നഗൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ബീഹാർ പോലീസ് മേധാവി ഗുപ്തേശ്വർ പാണ്ഡെ അറിയിച്ചു. ഇപ്പോൾ പാറ്റ്നയിലുള്ള കേസ് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് റിയ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്.

കഴിഞ്ഞ ജൂൺ മാസത്തിൽ എട്ടാം തിയതി വരെ സുശാന്തിന്റെ വീട്ടിൽ സുശാന്തിനൊപ്പം താമസിച്ചിരുന്നതായും ലിവ് ഇൻ റിലേഷനിൽ ആയിരുന്നെന്നും റിയ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ജൂൺ എട്ടിന് താൻ അവിടെ നിന്നും താൽക്കാലികമായി മാറി താമസിക്കുകയായിരുന്നുവെന്നും ഈ സമയം സുശാന്ത് കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും റിയ ചക്രബർത്തി പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജൂൺ 14നാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ നാലംഗ ബിഹാർ പോലീസ് സംഘം കേസ് അന്വേഷണത്തിനായി മുംബൈയിൽ എത്തിയിട്ടുണ്ട്.

മരണത്തെ സംബന്ധിച്ച് സുശാന്ത് സിംഗിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതായും എന്നാൽ ഇതിന്റെ ആവശ്യമില്ലെന്നുമാണ് ബീഹാർ പോലീസ് പറയുന്നത്.