ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം; ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

single-img
1 August 2020

ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിന് ഇനിമുതൽ മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് ഗവർണർ അംഗീകാരം നൽകി. ഇതോടൊപ്പം തന്നെ എപി ക്യാപിറ്റൽ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റി റദ്ദാക്കുന്ന ബില്ലിലും ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ ഒപ്പ് വെച്ചു. ഗവർണറുടെ അംഗീകാരത്തിനായി സംസ്ഥാന സർക്കാർ ജൂലായ് 18 നായിരുന്നു ഇരു ബില്ലുകളും രാജ്ഭവനിലേക്ക് അയച്ചത്.

ബിൽ നിയമം ആകുന്നതോടെ വിശാഖപട്ടണം, കുർനൂൽ, അമരാവതി എന്നീ മൂന്ന് നഗരങ്ങളാണ് സംസ്ഥാന ആസ്ഥാനങ്ങളായി മാറുക. ഇതിൽ വിശാഖപട്ടണം ഭരണനിർവഹണ ആസ്ഥാനമായി മാറും. സംസ്ഥാന ഹൈക്കോടതി ആസ്ഥാനം കുർനൂലിലേക്ക് മാറ്റുന്നതിലൂടെ ഈ നഗരം നിയമ തലസ്ഥാനമായി മാറും.

എന്നാൽ ഇപ്പോഴുള്ള നിയമസഭ അമരാവതിയിൽ തന്നെ തുടരുന്നതിലൂടെ സംസ്ഥാനത്തിന്റെ നിയമനിർമാണ ആസ്ഥാനം അമരാവതി തന്നെയായിരിക്കും. ഓരോ വർഷത്തിലും സാധാരണയായി 40 ദിവസത്തിലും താഴെ മാത്രമാണ് സംസ്ഥാന നിയമസഭ സമ്മേളിക്കുന്നത് എന്നതിനാൽ മുഖ്യമന്ത്രി, ഗവർണർ എന്നിവരുടെ ഓഫീസുകൾ പ്രവർത്തനം നടത്തുന്ന വിശാഖപട്ടണമായിരിക്കും പ്രധാന ഭരണകേന്ദ്രം.

സംസ്ഥാനത്തിന്റെ ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകിയെങ്കിലും ഈ ബില്ലുകൾക്കെതിരെ അമരാവതിയിലെ കർഷകരുടെ നേതൃത്വത്തിൽ നൽകപ്പെട്ട ഒരു ഹർജി ഹൈക്കോടതിയിൽ ഇപ്പോഴും നിലനിൽക്കുന്നതിനാൽ കോടതി വിധി വന്നതിനു ശേഷം മാത്രമേ ബിൽ പ്രാബല്യത്തിൽ വരികയുള്ളൂ. കഴിഞ്ഞ വർഷമായിരുന്നു അമരാവതിയെ കേന്ദ്ര സർക്കാർ ആന്ധ്രാപ്രദേശിന്റെ രണ്ടാമത്തെ തലസ്ഥാനമാക്കിയത്.

എന്നാൽ സംസ്ഥാനങ്ങൾക്കുള്ള അധികാരവികേന്ദ്രീകരണം സംബന്ധിച്ചുള്ള തീരുമാനത്തിനായിസർക്കാർ ജിഎൻ റാവു കമ്മിറ്റിയെയും ബോസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പിനെ പഠനത്തിനായും നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബില്ലുകൾക്ക് രൂപം നൽകിയത്.