ഫേസ് ബുക്ക് പ്രണയം; പാകിസ്താനിലേക്ക് ഇന്ത്യയിൽ നിന്നും യുവതിയെ തേടി 20 വയസ്സുകാരന്‍ യാത്ര ചെയ്തത് 1,200 കിലോമീറ്റര്‍

single-img
1 August 2020

സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാക് യുവതിയെ സഹായിക്കാൻ സാഹസിക യാത്ര ചെയ്ത് മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നും ഒരു യുവാവ്. ഇതിനായി 20 വയസുള്ള സീഷന്‍ സിദ്ധിഖി പാകിസ്താന്‍ അതിര്‍ത്തി വരെ എത്തുകയും എന്നാൽ അതിര്‍ത്തി കടക്കാനാകാതെ തിരികെ വരികയുമായിരുന്നു.

ഇയാളെ ഇന്ത്യ- പാക് അതിർത്തിയിൽ ബി എസ് എഫുകാര്‍ പിടികൂടി തിരിച്ച് അയക്കുകയായിരുന്നു.
ലോക്ക് ഡൌൺ സമയം ആയിരുന്നതിനാൽ ആദ്യം ഒരു സൈക്കിളിലും പിന്നീട് ഒരു ബൈക്കിലുമായിരുന്നു സീഷന്‍ സിദ്ധിഖിയുടെ യാത്ര.

മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നും ഗുജറാത്തിലെ കച്ച് വരെ എത്തുകയും അവിടെ സിദ്ധിഖിയെ രാജ്യ അതിര്‍ത്തിയുടെ 1.5 കിലോമീറ്റര്‍ അകലെ വച്ച് സൈന്യം പിടികൂടി കച്ച് പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് പോലീസും മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡും ഇയാളെ ചോദ്യം ചെയ്തശേഷം നാട്ടിലേക്ക് തിരിച്ച് പോകാൻ അനുവദിച്ചു. ജൂലൈ 16-നായിരുന്നു സിദ്ധിഖിയെ സൈന്യം പിടികൂടിയത്.

ഫേസ്ബുക്കിൽ 20 വയസ്സുകാരിയായ പാക് യുവതിയെ ഒരു ഗ്രൂപ്പിലെ ചര്‍ച്ചയുടെ ഇടയ്ക്കാണ് സിദ്ധിഖി പരിചയപ്പെട്ടത്. ടെലിവിഷനിലെ ഇന്ത്യന്‍ സീരിയലുകളോടുള്ള ഇഷ്ടമാണ് ഇരുവരേയും തമ്മിൽഅടുപ്പിച്ചത്.അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. ഈ പരിചയം ക്രമേണ പ്രണയത്തിലാകുകയും ഫോണ്‍ നമ്പരുകള്‍ കൈമാറി ഇരുവരും വീഡിയോ കോളുകള്‍ ചെയ്യുകയും ചെയ്തു.

ഇതിനിടയിൽ തന്നെ വിവാഹം കഴിക്കണമെന്ന് പാക് യുവതി ആവശ്യപ്പെട്ടിരുന്നുവെന്നും സിദ്ധിഖിയെ കുറിച്ച് മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. പക്ഷെ ഇപ്പോൾ വിവാഹ പ്രായം ആകാത്തതിനാല്‍ താന്‍ വീട്ടുകാരോട് പാക് പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നില്ല എന്ന് സിദ്ധിഖി പറയുന്നു. അവസാനം തന്നെ വേറെ വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്ന് പ്രണയിനിയെ രക്ഷിക്കാനാണ് സിദ്ധിഖി സാഹസികമായി കറാച്ചി ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്.

1500 രൂപ നൽകി ഒരുസൈക്കിള്‍ വാങ്ങിയശേഷം യാത്ര പോകാന്‍ പെട്ടെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ യാത്രയ്ക്ക് പോകാമെന്ന് വിചാരിച്ചെങ്കിലും ലോക്ക്ഡൗണ്‍ യാത്രയ്ക്ക് തടസമായി. എന്തും വരട്ടെ എന്ന് കരുതിയാണ് ഇപ്പോൾ ജൂലൈയില്‍ യാത്ര പുറപ്പെട്ടത്.സൈക്കിളിൽ യാത്ര ചെയ്‌താൽ ഉടനൊന്നും കറാച്ചിയില്‍ എത്തുകയില്ലെന്ന് മനസ്സിലാക്കിയ സിദ്ധിഖി ഇതിനിടയിൽ 3000 രൂപ കൊടുത്ത് സെക്കന്റ് ഹാന്‍ഡ് ബൈക്ക് വാങ്ങി യാത്ര തുടർന്നു.

എന്നാൽ ഈ ബൈക്ക് വളരെ മോശം അവസ്ഥയിലായിരുന്നു. യാത്രയുടെ ഇടയിൽ ബൈക്കില്‍ നിന്നും വീഴുകയും പല്ല് പൊട്ടുകയും ശരീരത്തില്‍ അനവധി പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്യുകയുണ്ടായി.

ഇത്തരത്തിൽ അല്ലാതെ തന്നെ തികച്ചും നിയമപരമായ യാത്രയ്ക്കായിരുന്നു സിദ്ധിഖിക്ക് താല്‍പര്യം എങ്കിലും, പാസ്‌പോര്‍ട്ട് ഇല്ലാത്തതും ലോക്ക്ഡൗണ്‍ അവസാനിക്കാത്തതുമാണ് ഇത്തരത്തിൽ ഒരു യാത്രയ്ക്ക് സിദ്ധിഖി സാഹസപ്പെട്ടത്.

രാജ്യത്ത് ഇപ്പോൾ ലോക്ക്ഡൗണ്‍ ആയതിനാല്‍ പാസ് പോര്‍ട്ട് കിട്ടാന് വഴി ഉണ്ടായിരുന്നില്ല. പാകിസ്താനിൽ
കറാച്ചിയിലെത്തി ഏതാനും മാസങ്ങള്‍ അവിടെ ജോലി ചെയ്തശേഷം യുവതിയുടെ രക്ഷിതാക്കളോട് പെണ്ണ് ചോദിക്കാൻ ആയിരുന്നു തീരുമാനം. യുവാവിന്റെ ഈ യാത്ര മുഴുവന്‍ ആ യുവതി അപ്പപ്പോൾ തന്നെ അറിയുന്നുണ്ടായിരുന്നു. പക്ഷെ താൻ പുറപ്പെട്ടു എന്ന് അറിഞ്ഞത് മുതല്‍ അവര്‍ അതിനെ എതിര്‍ത്തുവെന്ന് സിദ്ധിഖി പറഞ്ഞു.

ഈ സാഹസ യാത്രയിൽ യുവാവ് ധാബകളില്‍ നിന്ന് ആഹാരം കഴിക്കുകയും രാത്രികളില്‍ പാതയോരത്തും ബസ് സ്റ്റോപ്പുകളിലും ഉറങ്ങുകയും ചെയ്യുകയായിരുന്നു രീതി. പുറപ്പെട്ട് നാല് ദിവസം കൊണ്ടാണ് ഗുജറാത്തിലെ കച്ചില്‍ എത്തി ചേർന്നത്. അവിടെ നിന്നും 10 മണിക്കൂറോളം മരുഭൂമിയിലൂടെ യാത്ര ചെയ്ത സിദ്ധിഖിയെ ബിഎസ്എഫ് ജവന്‍മാര്‍ വഴിയിൽ തടയുകയായിരുന്നു.

തുടർന്ന് കച്ച് പോലീസ് സിദ്ധിഖിക്ക് എതിരെ ലോക്ക്ഡൗണ്‍ ലംഘനത്തിനും നിരോധിത മേഖലയില്‍ നിയമവിരുദ്ധമായി പ്രവേശിച്ചതിനും കേസുകള്‍ എടുക്കുകയും ചെയ്തു. തന്റെ യാത്രയിൽ രണ്ടര ദിവസം ജയിലിലും അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിലും സിദ്ധിഖി കഴിഞ്ഞു. അതിന് ശേഷം അധികൃതര്‍ വീട്ടുകാര്‍ക്ക് സിദ്ധിഖിയെ കൈമാറുകയായിരുന്നു.