താൻ ആർഎസ്എസ് ശാഖയിൽ രണ്ടുവർഷം പോയിട്ടുണ്ട്: വെളിപ്പെടുത്തലുമായി സിപിഎം നേതാവ് എസ് രാമചന്ദ്രൻപിള്ള

single-img
31 July 2020

സിപിഎം പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള മുമ്പ് ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തൽ. താൻ ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും 16-ാം വയസിൽ ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചുവെന്നും അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. രണ്ട് വർഷമാണ് ആർഎസ്എസിൽ പ്രവർത്തിച്ചതെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. 

ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ വന്ന ലേഖനത്തിൽ പ്രതികരിക്കുകയായിരുന്നു എസ്ആർപി. രമേശ് ചെന്നിത്തലയല്ല, സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എസ് രാമചന്ദ്രൻ പിള്ളയാണ് ആർഎസ്എസ് എന്നാണ് ബിജെപി മുഖപത്രം ലേഖനത്തിൽ വ്യക്തമാക്കിയത്. 

“ആർഎസ്എസ് ശാഖയുമായി 16 വയസിനു മുമ്പ് രണ്ട് വർഷം ബന്ധമുണ്ടായിരുന്നു. 16-ാം വയസ്സിൽ ഭൗതികവാദിയായി. ദേശീയവാദത്തെക്കാൾ സാർവ്വദേശീയതയാണ് നല്ലതെന്ന്  തീരുമാനിച്ച് കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞു. സങ്കുചിതമായ ദേശീയ ബോധത്തേക്കാള്‍ മനുഷ്യത്വം എന്ന വിശാല ആശയമാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും എസ് രാമചന്ദ്രന്‍ പിള്ള പറയുന്നു.

ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കുന്നത് ഈയൊരു കാഴ്ചപ്പാടിലാണ്. 18-ാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം കിട്ടി. പല ആശയങ്ങളിലുള്ളവരും അന്ന് കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞത് പാർട്ടിയുടെ കരുത്തിൻ്റെ തെളിവാണെന്നും കഴിഞ്ഞ 64 വര്‍ഷമായി താന്‍ പാര്‍ട്ടി അംഗമാണെന്നും എസ്ആർപി വ്യക്തമാക്കി. 

 ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല, രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നുവെന്നും ജന്മഭൂമി പറഞ്ഞിരുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. 

ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്യുകയായിരുന്നുവെന്നാണ് ജന്മഭൂമി പറയുന്നത്.