അകത്തോട്ടുമില്ല, പുറത്തോട്ടുമില്ല: ഇന്ത്യക്കാർക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി കുവെെത്ത്

single-img
31 July 2020

കുവെെത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നു റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് തുടരുവാനാണ് തീരുമാനം. രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് പോകാനോ, രാജ്യത്തിലേക്ക് പ്രവേശിക്കാനോ ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാരെ അനുവദിക്കുകയില്ലെന്നാണ് പുറത്തു വരുനന് റിപ്പോർട്ടുകൾ. ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ക്ക് നിലവിൽ വിലക്കുണ്ട്. ഇതു തുടരുവാനാണ് കുവെെത്ത് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. 

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ടുളള കുവൈത്ത് മന്ത്രിസഭ തീരുമാനത്തിലാണ് ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, നേപ്പാള്‍ എന്നി രാജ്യങ്ങളാണ് യാത്രാവിലക്ക് നേരിടുന്ന മറ്റു രാജ്യങ്ങള്‍. ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ക്ക് പുറമേയുളള ഇടങ്ങളില്‍ നി്ന്ന് വരുന്നവര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശിക്കാനും പുറത്തേയ്ക്ക് പോകാനുമാണ് കുവൈത്ത് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. 

രാജ്യത്തേക്കു കടന്നുവരുവാനും സപുറത്തേക്കു പോകുവാനമുള്ള നിയമം കുവൈത്ത് പൗരന്മാര്‍ക്കും ബാധകമാണ്. ന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുളള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് തുടരുമെന്നാണ് കുവൈത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്. 

വിലക്ക് നീട്ടാനുളള തീരുമാനം കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ കാര്യമായി ബാധിക്കും. ലക്ഷകണക്കിന് ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. നിലവില്‍ തന്നെ കുവൈത്ത് ജനതയ്ക്ക് തൊഴില്‍ സാധ്യത ഉറപ്പുവരുത്താന്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചത് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിക്കാനാണ് കുവൈത്ത് സര്‍ക്കാര്‍ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. 

രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യയ്ക്ക് ക്വാട്ട നിശ്ചയിക്കുന്ന പുതിയ കരട് ബില്ല് യാഥാര്‍ത്ഥ്യമായാല്‍ എട്ടുലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇടയാകുമെന്നും വാർത്തകൾ പുറത്തു വരുന്നു. കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നല്ലൊരു ഭാഗം കേരളത്തില്‍ നിന്നുളളവരായതിനാൽ ഇത് കേരള സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 

രാജ്യത്തിൻ്റെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിന് താഴെയായിരിക്കണം ഇന്ത്യക്കാരായ പ്രവാസികള്‍ എന്നാണ് പുതിയ കരട് ബില്ലില്‍ പറയുന്നത്.  ഈ ബില്ല് നിയമമായാല്‍ എട്ടു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കുവൈത്ത് നാഷണല്‍ അസംബ്ലിയിലെ നിയമനിര്‍മ്മാണ സമിതി കരട് ബില്ലിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. 

പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിച്ച നടപടി ഭരണഘടനാപരമാണെന്നാണ് നിയമനിര്‍മ്മാണ സമിതിയുടെ വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. 43 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയില്‍ 30 ലക്ഷവും പ്രവാസികളാണെന്നുള്ളതാണ് വസ്തുത. 

ഈ സാഹചര്യങ്ങൾക്കിടയിലാണ് ഇന്ത്യക്കാർക്ക് കുവെെത്തിലേക്ക് യാത്രാവിലക്കും നിലനിൽക്കുന്നത്.