ചെന്നിത്തല കോൺഗ്രസിനുള്ളിലെ ആർഎസ്എസിൻ്റെ സർസംഘ് ചാലക്: കോടിയേരി

single-img
31 July 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്.  ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് രമേശ് ചെന്നിത്തലയാണെന്നും കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയെന്നും കോടിയേരി പറഞ്ഞു. 

രാമന്റെ നിറം കാവിയല്ല എന്ന തലക്കെട്ടിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ കോടിയേരി ബാലകൃഷ്ണൻ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി’യെ ‘താമര’യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് രംഗത്തിറക്കുന്നതെന്നും കോടിയേരി ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നതിനെ പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൻ്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നതെന്നും ലേഖനത്തിൽ ആരോപിക്കുന്നു. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും മുഖ്യശത്രുവായി കാണുന്നത് എൽഡിഎഫിനെയും സിപിഎമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും  സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് അവർ ഉത്സാഹിക്കുന്നതെന്നും കോടിയേരി പറയുന്നു. 

ഹരിപ്പാട് മണ്ഡലത്തിൽ ആർഎസ്എസ്- കോൺഗ്രസ് ബന്ധമാണ് നിലനിൽക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. 2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണെന്നും കോടി’യേരി പറഞ്ഞു. 

തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുർക്കി ഭരണാധികാരി എർദോഗൻ മുസ്ലിംപള്ളിയാക്കി മാറ്റിയതിനെ മുസ്ലിംലീഗ് നേതാവ് പാണക്കാട് സെയ്ദ് സാദിഖലി തങ്ങൾ ന്യായീകരിച്ചതിലൂടെ ലീഗിന്റെ തനിനിറം പുറത്തായിരിക്കുകയാണെന്നും ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും അതേ തീവ്രവർഗീയ നിലപാടിലാണ് മുസ്ലിംലീഗിനുള്ളതെന്നു ഇതു വ്യക്തമാക്കുന്നതായും കോടിയേരി ചൂണ്ടിക്കാട്ടി.