രാമക്ഷേത്രനിർമ്മാണം എല്ലാ ഇന്ത്യാക്കാരുടെയും സമ്മതത്തോടെ; സ്വാഗതം ചെയ്ത് കമൽ നാഥ്

single-img
31 July 2020

ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍ നാഥ് രംഗത്ത്. തന്‍റെ ട്വിറ്ററിൽ പേജിലൂടെ പങ്കുവച്ച വീഡിയോയിലാണ് കമല്‍നാഥ് രാമക്ഷേത്രനിർമ്മാണത്തെ സ്വാഗതം ചെയ്തത്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. നിരവധിയാളുകളുടെ കാലങ്ങളായുള്ള ആശയും അഭിലാഷവുമായിരുന്നു അത് . എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് ഇതിന്‍റെ നിര്‍മ്മാണം നടക്കുക, ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകൂ. രാമചന്ദ്രന്‍ ജയിക്കട്ടെ, ഹനുമാന്‍ ജയിക്കട്ടെ

– കമല്‍ നാഥ് സന്ദേശത്തില്‍ പറഞ്ഞു.

ഓഗസ്റ്റ് 5-നാണ് അയോധ്യയിൽ പുതിയ രാമക്ഷേത്രം പണിയുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭൂമിപൂജ ചടങ്ങിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചിരുന്നു.