നാളെമുതൽ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും: എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം

single-img
31 July 2020

നാളെ മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.  ആദ്യഘട്ടമായി 206 സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ജനങ്ങള്‍ പൊതുഗതാഗതത്തില്‍ നിന്ന് വിട്ടു പോകുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പൊതുഗതാഗതത്തെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘദൂര ബസുകള്‍ പുനരാരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സ്വകാര്യബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ രണ്ടുമാസം കൂടി സാവകാശം അനുവദിക്കുമെന്നും ഗതാഗതമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. പൊതുഗതാഗതത്തിന്റെ നിലനില്‍പ്പ് മനസ്സിലാക്കി സ്വകാര്യ ബസുകളും സഹകരിക്കാന്‍ തയ്യാറാവണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. 

സ്വകാര്യബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ പരിമിതികളില്‍ നിന്ന് കൊണ്ട് നികുതി അടയ്ക്കാന്‍ രണ്ടു മാസം കൂടി സാവകാശം നല്‍കാന്‍ മാത്രമേ നിവൃത്തിയുളളൂ. പൊതുഗതാഗതം നിലനിര്‍ത്തേണ്ടത് അവരുടെ കൂടി ആവശ്യമായി കണ്ട് സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നടത്തി സഹകരിക്കാന്‍ തയ്യാറാവണമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

അഞ്ചുലക്ഷം യാത്രക്കാരാണ് പൊതുഗതാഗതരംഗത്ത് കുറഞ്ഞത്. നല്ലൊരു ശതമാനം ആളുകള്‍ സ്‌കൂട്ടര്‍ ഉള്‍പ്പെടെ ബദല്‍ മാര്‍ഗങ്ങള്‍ തേടി തുടങ്ങി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഒന്നേകാല്‍ ലക്ഷത്തോളം സ്‌കൂട്ടറുകളാണ് വിറ്റു പോയത്. ഉപജീവന മാര്‍ഗം മുന്നോട്ടുകൊണ്ടുപോകുന്നതിന് പൊതുഗതാഗതം സംവിധാനത്തെ ആശ്രയിച്ചിരുന്നവരാണ് കൊഴിഞ്ഞുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇത് പൊതുഗതാഗതത്തിന്റെ നിലനില്‍പ്പിന് തന്നെ പ്രതിസന്ധി സൃഷ്ടിക്കും. ഇത് മനസ്സിലാക്കി സഹകരിക്കാന്‍ സ്വകാര്യ ബസുകള്‍ തയ്യാറാവണം. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് സംവിധാനമുണ്ട്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുളള ചില സാഹചര്യങ്ങള്‍ പരിഗണിച്ച് കുറഞ്ഞ തോതില്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ച നോക്കിയ ശേഷം കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.