യുവ നടൻ അശുതോഷ് ഭാക്രെയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

single-img
30 July 2020

മറാത്തി സിനിമയിലെ പ്രശസ്ത യുവ നടൻ അശുതോഷ് ഭാക്രെയെ (32) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നടിയായ മയൂരി ദേശ്മുഖിന്റെ ഭർത്താവായ അശുതോഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ​ഗണേഷ് ന​ഗർ കോളനിയിലാണ് ഇരുവരും താമസിച്ചിരുന്നത്.

അതേസമയം അശുതോഷ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. ഇദ്ദേഹത്തിന് വിഷാദരോ​ഗമുണ്ടായിരുന്നുവെന്നും സമീപ കാലത്തായി ആളുകൾ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്ന് വിശകലനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.

മരണത്തെ തുടര്‍ന്ന് ശിവാജ് ന​ഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.താന്‍ ഉറങ്ങാൻ പോവുകയാണെന്ന് മയൂരിയോട് പറഞ്ഞാണ് അശുതോഷ് റൂമിലേക്ക് പോയത്. അല്‍പ മണിക്കൂറുകൾ കഴിഞ്ഞും കാണാതായതോടെ വീട്ടുകാർ വാതിലിൽ മുട്ടിവിളിച്ചു. എന്നിട്ടും തുറക്കാതായതോടെ ബലംപ്രയോ​ഗിച്ച് ജനൽ തുറന്നപ്പോൾ അശുതോഷിനെ തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടത്.

തുടര്‍ന്ന് അശുതോഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവുമായി ബന്ധപ്പെട്ട്അശുതോഷിന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയെന്നും അദ്ദേഹം ആർക്കെതിരെയും പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.