കൃത്രിമ രേഖയുണ്ടാക്കി ആറ് കോടിയുടെ അഴിമതി; നേവി ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ അന്വേഷണത്തിന് സിബിഐ

single-img
30 July 2020

കൃത്രിമ രേഖയുണ്ടാക്കുകയും അതുവഴി 6.76 കോടിയുടെ തട്ടിപ്പു നടത്തുകയും ചെയ്ത നാല് നേവി ഉദ്യോഗസ്ഥ‍ര്‍ക്കെതിരെയും മറ്റ് 16 പേ‍ര്‍ക്കെതിരെയും സിബിഐ അന്വേഷണം നടത്തും. നേവിയില്‍ ഐടി ഹാഡ്വെയറുകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് വന്‍തോതില്‍ നടത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ വെസ്റ്റേൺ നേവൽ കമാൻഡിന് ഐടി ഉപകരണങ്ങൾ വിതരണം ചെയ്തതിന്റെ പേരിൽ 6.76 കോടി രൂപയുടെയുടെ ബില്ലുകളാണ് പ്രതികൾ സമ‍ര്‍പ്പിച്ചത്. സംശം തോന്നി ഇതിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

നേവി ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ അതുൽ കുൽക്ക‍ര്‍ണ്ണി, ക്യാപ്റ്റൻ മന്ദ‍ര്‍ ഗോഡ്ബോലെ, ആ‍ര്‍പി ശര്‍മ്മ, കുൽദീപ് സിങ് ബാഗേൽ എന്നിവ‍ര്‍ക്കെതിരെയാണ് സിബിഐ അന്വേഷണം. 2016ലായിരുന്നു കേസിനാസ്പദമായ ഏഴ് വ്യാജ ബില്ലുകൾ കൃത്രിമ രേഖ ഉണ്ടാക്കിയതിലൂടെ സമ‍ര്‍പ്പിക്കപ്പെട്ടത്.

തങ്ങളുടെ പ്രവൃത്തിയിലൂടെ ഈ ഉദ്യോഗസ്ഥ‍ർ പൊതു ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തെന്നും നാവിക സേനയുടെ മേലധികാരികളെ കബളിപ്പിക്കാൻ ശ്രമിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും സിബിഐ ആരോപിക്കുന്നു.

ഇവര്‍ ബില്ലിൽ കാണിച്ചിരിക്കുന്ന ഉപകരണങ്ങൾ വെസ്റ്റേൺ നേവൽ കാൻഡിന് ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ സിബിഐയ്ക്ക് വ്യക്തമായി. മാത്രമല്ല, ഈ ബില്ലുകളുമായി ബന്ധപ്പെട്ട യാതൊരുവിധ നടപടിക്രമങ്ങലും പാലിച്ചിട്ടില്ലെന്നും ധന വിനിയോഗത്തിന് അനുമതിയില്ലെന്നും അന്വേഷണത്തിൽ ഉറപ്പാകുകയും ചെയ്തു.