ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ കനത്ത മഴ: വീണ്ടും പ്രളയ മുന്നറിയിപ്പ്

single-img
30 July 2020

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ  പ്രവചനം. രണ്ടുദിവസമായി തുടരുന്ന കനത്തമഴയ്ക്ക് വ്യാഴാഴ്ചയോടെ ശക്തികുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂരസാധ്യതയുണ്ടെന്നും ഇതിൻ്റെ ഫലമായി വീണ്ടും ഒരു പ്രളയത്തിനു കൂടി സാധ്യതയുണ്ടെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 

 ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ കേരളത്തിന് നിര്‍ണായകമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളില്‍ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴകുറഞ്ഞ് ഓഗസ്റ്റില്‍ കുറച്ചുദിവസം കനത്ത മഴ എന്ന രീതിയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുമുണ്ടായത്. ഇത്തവണയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥ വകുപ്പ് സൂചന നല്‍കുന്നുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ജൂലായ് 31 മുതല്‍ ഓഗസ്റ്റ് ആറുവരെയുള്ള ആഴ്ചയുടെ അവസാനത്തോടെ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂര സാധ്യതയാണ് ഒരാഴ്ചമുമ്പ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. മുന്‍കൂട്ടിയുള്ള പ്രവചനം എത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍, കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ അനുകൂലമായ അന്തരീക്ഷമാറ്റം അക്കാലത്ത് ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണെന്നുള്ളതാണ് വിദഗ്ദാഭിപ്രായം. 

 ഈ മാറ്റം അതിതീവ്രമഴയ്ക്ക് കാരണമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും പ്രളയസാധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നുണ്ട്..