കേരളത്തിൽ സെപ്തംബറില്‍ എഴുപത്തയ്യായിരം രോഗികള്‍ വരെയാകാം: ഇനി വരുന്ന മൂന്നാഴ്ച നിർണ്ണായകമെന്നു മുന്നറിയിപ്പ്

single-img
30 July 2020

ലോകം അത്ഭുതത്തോടെ നോക്കിക്കണ്ട കേരളത്തിൻ്റെ കോവിഡ് പോരാട്ടങ്ങൾക്ക് ആറുമാസം തികയുകയാണ്. അതേസമയം കോവിഡ് രോ​ഗപ്പകർച്ചയുടെ മൂന്നാംഘട്ടത്തിലാണ് കേരളം ഇപ്പോൾ.  മുൻഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി സമ്പർക്ക വ്യാപനം വഴിയുള്ള രോ​ഗപ്പകർച്ച വർധിച്ചതോടെ കൂടുതൽ ആശങ്കാകുലമായ അവസ്ഥയിലാണ് സംസ്ഥാനം. ഈ അവസരത്തിൽ ജന​ങ്ങൾ  കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നാണ്  ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുത്. 

കോവിഡിനെതിരെ മികച്ച പ്രതിരോധമാണ് ആദ്യ രണ്ടു ഘട്ടങ്ങളിലും സംസ്ഥാനം ഒരുക്കിയത്. ഈ നടപടി അന്തർദേശീയ തലത്തിൽ വരെ വാർത്തയായിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനം വലിയ രീതിയിൽ വർദ്ധിക്കുകയാണ്. സെപ്തംബറില്‍ എഴുപത്തയ്യായിരം  രോഗികള്‍ വരെയാകാമെന്നാണ് വിദഗ്ദർ കണക്ക് കൂട്ടുന്നത്. അതുകൊണ്ടുതന്നെ ഇനി വരുന്ന വരുന്ന മൂന്നാഴ്ച അതിനിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 

കോവിഡ് പൊട്ടി പുറപ്പെട്ട ചൈനയിലെ വുഹാനിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാ​ഗ്രതാനിർദേശം നൽകിയ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജനുവരി 30 ന് ഇന്ത്യയിലെ ആദ്യ കൊറോണ ബാധ തൃശൂരിൽ റിപ്പോർട്ട് ചെയ്തു. ഒരു മെഡിക്കൽ വിദ്യാർത്ഥിനിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാഞ്ഞങ്ങാടും കോവിഡ് റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന ദുരന്തമായി ഈ സാഹചര്യത്തെ കേരളം പ്രഖ്യാപിക്കുകയും ചെയ്തു. 

എന്നാൽ പിന്നീട് കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നതോടെ ഈ പ്രഖ്യാപനം പിൻവലിക്കുകയായിരുന്നു. സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗബാധയെത്തുന്നത് മാർച്ചിലാണ്. വിദേശത്തു നിന്നെത്തിയ റാന്നി സ്വദേശികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് കേസുകളുടെ എണ്ണം കൂടി. മാർച്ച് 28 നായിരുന്നു സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. 

മരണം സംഭവിച്ചതിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വ്യാപനം തടയാൻ ആരോ​ഗ്യവകുപ്പിന് സാധിച്ചു. മെയ് എട്ടിന് കേരളത്തിന്റെ പോരാട്ടത്തിന് 100 ദിവസമായപ്പോൾ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 502 മാത്രമായിരുന്നു. 474 പേരും അതിനകം രോ​ഗമുക്തരാകുകയും ചെയ്തിരുന്നു. 

സംസ്ഥാന അതിർത്തികൾ ലോക്ക്ഡൗണിന് ശേഷം തുറന്നതോടെ വൈറസ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി. മെയ് 27 ന് ആകെ രോ​ഗികളുടെ എണ്ണം 1000 കവിഞ്ഞു. ജൂൺ എട്ടിന് 2000 വും, ജൂലൈ നാലിന് 5000 വും കടന്നു. 16 ന് 10,000 കടന്ന കേരളം 28 ന് 20,000 വും കടന്നു. ഇതിനിടെ തിരുവനന്തപുരത്തെ പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതോടെ കേരളം മറ്റൊരു സാഹചര്യത്തിലേക്കു കടന്നു.രാജ്യത്ത് കോവിഡ് സാമൂഹിക വ്യാപനം നടന്നതായി സമ്മതിചളച ആദ്യ സംസ്ഥാനവും കേരളാമാണ്. 

ഇനിയുള്ള സമയം ശക്തമായ മുൻകുതലുകളും, സർക്കാർ സംവിധനങ്ങൾ നൽകുന്ന നിർദ്ദേശങ്ങളും അനുസരിച്ചു മാത്രമേ ഓരോ പൗരനും മുന്നോട്ടു പോകുവാൻ കഴിയു. നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയും മുൻകരുതലെടുക്കാതെയുമുള്ള ജീവിതക്രമങ്ങളും രോഗത്തെ വീട്ടിലേക്കും നാട്ടിലേക്കും ക്ഷണിച്ചുവരുത്തുമെന്നുള്ള കാര്യം തീർച്ചയാണ്.