റാഫേല്‍ യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് ലഭിക്കാനുള്ള കാരണം പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയം: രാജ്നാഥ് സിംഗ്

single-img
29 July 2020

ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തി. ഹരിയാനയിലുള്ള അംബാല വ്യോമത്താവളത്തിലാണ് റഫാൽ വിമാനങ്ങൾ എത്തിയത്. ഇതിനെ സംബന്ധിച്ച് ‘ആ പക്ഷികൾ’ സുരക്ഷിതമായി അംബാലയിൽ ഇറങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് പ്രഖ്യാപനം നടത്തി.

മാത്രമല്ല, ഇന്ത്യയുടെ അതിർത്തിയെ ലക്ഷ്യമിടുന്ന ആർക്കും ഇതൊരു മുന്നറിയിപ്പാകട്ടെ എന്നും രാജ്‍നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സൈനികചരിത്രത്തിലെ നിർണായകമായ നാഴികക്കല്ലാണ് റഫാൽ യുദ്ധവിമാനങ്ങളുടെ ഈ ലാൻഡിംഗ് എന്ന് രാജ്‍നാഥ് സിംഗ് പറഞ്ഞു.

ഇതോടൊപ്പം തന്നെ ഫ്രഞ്ച് സർക്കാരിനും ദസോ ഏവിയേഷനും റഫാൽ വിമാനങ്ങൾ കൃത്യമായി എത്തിച്ചതിന് രാജ്‍നാഥ് സിംഗ് നന്ദി രേഖപ്പെടുത്തി. ശരിയായ സമയത്ത് വ്യോമസേനയ്ക്ക് ഈ വിമാനങ്ങൾ ലഭിക്കാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢനിശ്ചയമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിലെത്തിചേര്‍ന്നത്. രാജ്യത്തിന്റെ വ്യോമാതിർത്തി കടന്നയുടൻ റഫാലിലേക്ക് ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സ്വാഗത സന്ദേശം പറന്നെത്തി.മികച്ച പൈലറ്റും കമാൻഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നൽകിയത്. ഇവരില്‍ വിങ്ങ് കമാൻഡർ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്.

ഇന്ത്യയില്‍ എത്തിയ റഫാൽ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആർബി-01 എന്ന നമ്പരാണ് വ്യോമസേന നൽകിയിരിക്കുന്നത്.ഈ പേര് വ്യോമസേന മേധാവി എയർ മാർഷൽ ആർ കെ എസ് ബദൗരിയയുടെ പേരിൽ നിന്നാണ് ആർ, ബി എന്നീ രണ്ടു അക്ഷരങ്ങൾ എടുത്തിരിക്കുന്നത്.