റഫാൽ യുദ്ധവിമാനങ്ങൾ അംബാലയിൽ ഇറങ്ങി; അകമ്പടിയുമായി സുഖോയ് വിമാനങ്ങൾ

single-img
29 July 2020

ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്ന് വാങ്ങിയ പുതിയ റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തിയിരുന്നു.

ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിച്ചു. ഐഎൻഎസ് കൊൽക്കത്ത എന്ന ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പൽ നൽകിയ ജലസല്യൂട്ടിന് ശേഷമാണ്, അംബാലയിലെ സൈനികവ്യോമത്താവളത്തിലാകും റഫാൽ യുദ്ധവിമാനങ്ങൾ പറന്നിറങ്ങിയത്.

വിദഗ്ധനായ പൈലറ്റും കമാൻഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നൽകിയത്. ഇതിൽ വിങ്ങ് കമാൻഡർ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്.  

അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തില്‍ നിന്നു രാവിലെയാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഫ്രാൻസിലെ മെറിനിയാക് വ്യോമത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങൾ അബുദാബി വ്യോമതാവളത്തിലെത്തിയത്. ഇന്നലെ അവിടെ തങ്ങുകയായിരുന്നു. 2700 കിലോമീറ്റർ യാത്ര ചെയ്ത് പാക്ക് വ്യോമപാത ഒഴിവാക്കി ഗുജറാത്തിലൂടെയാണ് വിമാനങ്ങൾ ഇന്ത്യയിലേക്കെത്തിയത്.

റഫാല്‍ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്‌സ് എംആര്‍ടിടി ടാങ്കര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ സഹായിക്കാനായി 70 വെന്റിലേറ്ററുകള്‍, ഒരുലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്‌ക്കൊപ്പം 10 ആരോഗ്യവിദഗ്ധരും എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അറിയിച്ചു.