മുംബൈയിലെ ചേരികളിൽ 57 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ലാതെ കോവിഡ് ബാധ: ഞെട്ടിപ്പിക്കുന്ന കണക്കുകൾ

single-img
29 July 2020

മുംബൈയിലെ ചേരികളിൽ 57 ശതമാനം ആളുകളിൽ കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തൽ. മറ്റിടങ്ങളിൽ 16 ശതമാനം പേർക്കെങ്കിലും രോഗബാധയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ബ്രിഹാൻ മുംബായ് മുനിസിപ്പൽ കോർപ്പറേഷൻ (BMC- Brihanmumbai Municipal Corporation) നഗരത്തിലെ ഏഴായിരത്തോളം ആളുകളില്‍ നടത്തിയ സെറോ സർവ്വേയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്.

നിതി അയോഗ്, ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച് എന്നിവര്‍ സംയുക്തമായാണു സര്‍വേ നടത്തിയത്. ഈ മാസത്തിന്റെ ആദ്യ രണ്ട് ആഴ്ചകളിലാണ് വിവിധയിടങ്ങളില്‍നിന്നുള്ളവരുടെ രക്തം ശേഖരിച്ച് പഠനം നടത്തിയത്. മൂന്നു മുനിസിപ്പല്‍ വാര്‍ഡുകളില്‍നിന്നാണു സാംപിളുകള്‍ ശേഖരിച്ചത്. സ്ത്രീകളിലാണു കൂടുതലായി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. മുംബൈയിൽ ലക്ഷണങ്ങളില്ലാതെ വലിയ തോതിൽ രോഗം പടരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ആകെ ജനസംഖ്യയില്‍ എത്രത്തോളം പേര്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്താനുള്ള നടപടിക്രമമാണ് സെറോ സര്‍വേ.  ശരീരത്തില്‍ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോയെന്ന് രക്തത്തിലെ സെറം പരിശോധിച്ച് കണ്ടെത്തുകയാണ് ചെയ്യുന്നത്. വൈറസ് ബാധയുണ്ടായവരില്‍ മാത്രമേ ആന്റിബോഡി സാന്നിധ്യം ഉണ്ടാകുകയുള്ളു.

നഗരത്തിലെ 1.2 കോടി ജനങ്ങളില്‍ 65 ശതമാനവും ചേരികളിലാണ്. അറുപതു ലക്ഷത്തോളം പേരാണ് ചുറ്റുമുള്ള ജില്ലകളില്‍ താമസിക്കുന്നത്. മുംബൈയില്‍ ആകെ ഒരു ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആറായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. ചൊവ്വാഴ്ച 717 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 55 പേര്‍ മരിച്ചു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടത്തിയ സീറോ സര്‍വേയില്‍ 23.48% പേര്‍ക്ക് കോവിഡ് ബാധയുണ്ടായതായി കണ്ടെത്തിയിരുന്നു. മിക്കവര്‍ക്കും രോഗലക്ഷണം പ്രകടമാകാത്തത് നിശബ്ദമായി രോഗം കൂടുതല്‍ പേരിലേക്കു പടരാനുള്ള സാധ്യതയാണു സൂചിപ്പിക്കുന്നതെന്നു ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു.