റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഗുണം ഇപ്പോള്‍ ഉണ്ടായി: കോണ്‍ഗ്രസ്

single-img
29 July 2020

ഫ്രാന്‍സില്‍ നിന്നും ഇന്ന് അഞ്ച് റാഫെല്‍ വിമാനങ്ങള്‍ രാജ്യത്തെത്തിയ ഉടന്‍ ഈ വിമാനങ്ങള്‍ രാജ്യത്ത്എത്തുന്നതിനുള്ള കാരണം തങ്ങളുടെ സര്‍ക്കാര്‍ ആരംഭിച്ച നടപടികളാണെന്ന് ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ്. ഈ വിമാനങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ അഭിനന്ദിക്കുന്നുവെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്യുകയുണ്ടായി.

2012ല്‍ തന്നെ റാഫേല്‍ കരുത്ത് തിരിച്ചറിയുന്നതിനും വാങ്ങുന്നതിനും കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഗുണം ഇപ്പോള്‍ ഉണ്ടായെന്നും ട്വീറ്റില്‍ പറയുന്നു. അന്നത്തെ പ്രധാനന്ത്രി മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കരാറും മോദി സര്‍ക്കാരിന്റെ കരാറും തമ്മിലുള്ള വ്യത്യാസവും ട്വീറ്റില്‍ എഴുതിയിട്ടുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറും ബിജെപിയുടെ കരാറും തമ്മിലുള്ള പ്രധാന വ്യത്യാസം, ബിജെപിയുടെ കരാര്‍ പ്രകാരം 36 വിമാനങ്ങള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് കരാര്‍ പ്രകാരം 126 വിമാനങ്ങള്‍ ലഭിക്കുമെന്നതായിരുന്നു.

മാത്രമല്ല, 108 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമായിരുന്നു. മുന്‍പേ 2016ല്‍ തന്നെ രാജ്യത്തിന് വിമാനങ്ങള്‍ ലഭിക്കേണ്ടതായിരുന്നു. 526 കോടി രൂപയായിരുന്നു ഒരു റഫാല്‍ വിമാനത്തിന്റെ വിലയെന്നും ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.