കൊവിഡ് വ്യാപനം രൂക്ഷം; ലോക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി പശ്ചിമ ബംഗാള്‍

single-img
28 July 2020

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ ലോക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. മുന്‍പ് ജൂലൈ 31 വരെയായിരുന്നു സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ലോക്ഡൗണ്‍ നീട്ടി എങ്കിലും ബക്രീദ് ദിനത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും മമത പറഞ്ഞു.

വരുന്ന ആഗസ്റ്റ് ഒന്നിനാണ് ബക്രീദ്. അതേപോലെ തന്നെ രാഖി ബന്ധന്‍ നടക്കുന്ന ആഗസ്റ്റ് 3 നും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങള്‍ മാറ്റുന്ന രണ്ടു ദിവസങ്ങളിലും കണ്ടൈന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരുന്നതായിരിക്കും.

സംസ്ഥാനത്ത് അടുത്ത മാസം 8,9 തീയതികള്‍ മുതല്‍ വാരാന്ത്യങ്ങളിലെ ലോക്ഡൗണ്‍ ആരംഭിക്കുമെന്നും ആഗസ്റ്റ് 31 വരെ സ്‌കൂളുകളും കോളെജുകളും തുറക്കില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് ഒറ്റ ദിവസം മാത്രം ബംഗാളില്‍ 2112 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.