ഈ ഗ്രാമത്തിനെ കൊവിഡ് എത്തിച്ചത് ബാർട്ടർ സമ്പ്രദായത്തിലേക്ക്; കുട്ടികളുടെ ട്യൂഷൻ ഫീസായി അധ്യാപകര്‍ക്ക് നല്‍കുന്നത് ഗോതമ്പ്

single-img
28 July 2020

ഈ ആധുനിക കാലത്തും മനുഷ്യന്‍ ചിലപ്പോള്‍ കാലഘട്ടത്തിന് പിന്നിലേക്ക് സഞ്ചരിക്കും. അവന്റെ സാഹചര്യങ്ങളാണ് അതിന് കാരണം. ഇവിടെ ഇതാ, കൊവിഡ് പ്രതിസന്ധി മൂലം ദരിദ്രരായ ബീഹാറിലെ ജനങ്ങളാണ് ഇത്തരത്തില്‍ കാലത്തിന് പിറകിലേക്ക് പോകുന്നത് . വരുമാനം നിലച്ചതോടെ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസവും ഉപജീവനമാർ​ഗവുമെല്ലാം ഇരുളടഞ്ഞ അവസ്ഥയിലാണ് ഇവിടുത്തെ പല ഗ്രാമങ്ങളും.

വരുമാനം മുടങ്ങുകയും സമ്പാദ്യം ഇല്ലാതിരിക്കയും ചെയ്തതോടെ പലരുടെയും കയ്യിൽ പണമില്ല. ഇത്തരത്തിലുള്ള അവസ്ഥയിൽ പഴയ ബാർട്ടർ സംവിധാനം തിരികെ കൊണ്ടു വന്നിരിക്കുകയാണ് ബീഹാറിലെ ​ഗ്രാമീണർ. തങ്ങള്‍ എത്ര കഷ്ടപ്പെട്ടാലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് ഇവർ‌ ആ​ഗ്രഹിക്കുന്നു.

നിലവില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാൻ ഇന്റർനെറ്റ് സൗകര്യങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ഇവര്‍ സ്വകാര്യ ട്യൂഷനാണ് കുട്ടികൾക്ക് നൽകുന്നത്. ഫീസ്‌ നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ ട്യൂഷൻ‌ ഫീസായി ഇവർ അധ്യാപകർക്ക് നൽ‌കുന്നതാവട്ടെ ​ഗോതമ്പും.

ഇവിടുത്തെ ഗ്രാമങ്ങളില്‍ ഒരു ദിവസം ഒരു മണിക്കൂർ ക്ലാസെടുക്കുന്നതിന് ഒരു മാസം ആയിരം രൂപയാണ് ഫീസ് ഈടാക്കുന്നത് . പക്ഷെ ഗ്രാമീണര്‍ കയ്യിൽ പണമില്ലാത്തതിനാൽ ഫീസായി ​ഗോതമ്പ് നൽകും. ബീഹാറിലുള്ള ബ​ഗുസരായി ​ജില്ലയിലെ നയാ​ഗാവിലാണ് ഈ ബാർട്ടർ സംവിധാനം നടക്കുന്നത്.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോഴും സ്കൂളുകൾ തുറക്കുന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ മിക്കവരും സ്വകാര്യ ട്യൂഷനുകളെയാണ് ആശ്രയിക്കുന്നത്. കുട്ടികള്‍ക്കുള്ള ക്ലാസുകൾ സര്‍ക്കാരിന്റെ കീഴിലുള്ള ദൂരദർശൻ വഴി ലഭ്യമാകുമെങ്കിലും ടെലിവിഷൻ ഉള്ള വീടുകളും ഈ ​ഗ്രാമത്തിൽ വിരളമാണ്. ഇതിനെല്ലാം പുറമേ ക്ലാസുകൾ കൃത്യമായി അറ്റൻഡ് ചെയ്യാൻ കുട്ടികൾ തയ്യാറാകുന്നുമില്ല. ഈ കാരണങ്ങളാലാണ് എല്ലാവരും സ്വകാര്യ ട്യൂഷനെ ആശ്രയിക്കാൻ തീരുമാനം എടുത്തത്.

നിലവില്‍ 20ലധികം അധ്യാപകരാണ് ഇവിടെ ട്യൂഷൻ പഠിപ്പിക്കാൻ എത്തുന്നത്. ഓരോരുത്തര്‍ക്കും 200 മുതൽ 1000 വരെയാണ് ഫീസ്. ഇതില്‍ തന്നെ അമ്പതിലധികം വിദ്യാർത്ഥികളെ 10 ബാച്ചായി പഠിപ്പിക്കുന്ന അധ്യാപകരുണ്ട്. പണം ഇല്ലെങ്കില്‍ ഫീസായി ​ഗോതമ്പും മെയ്സും കിട്ടിയാലും അധ്യാപകർക്ക് പരാതിയില്ല . അത് എന്തുകൊണ്ടെന്നാല്‍ പണം ലഭിച്ചാലും അതുപയോ​ഗിച്ച് ഇവയൊക്കെയല്ലേ വാങ്ങുന്നതെന്നാണ് ഇവരുടെ ചോദ്യം.