വീടിൻ്റെ മതിലിലിരുന്ന വിലകൂടിയ ചെടിച്ചട്ടി മോഷണം പോയി: സിസി ടിവിയിൽ പതിഞ്ഞത് വനിതാ എസ്ഐയും പൊലീസുകാരനും

single-img
28 July 2020

വീടിൻ്റെ മതിലിലിരുന്ന വിലകൂടി ചെടിച്ചട്ടി മോഷണം പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഒറ്റരാത്രി കൊണ്ട് കാണാതായ വില കൂടിയ ചെടി കണ്ടെത്താന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളനെ കണ്ടെത്തിയതും കള്ളനെ കണ്ട് വീട്ടുകാർ ഞെട്ടിയതും. പുലര്‍ച്ചെ വനിതാ എസ്‌ഐയ്‌ക്കൊപ്പം ഔദ്യോഗിക ജീപ്പിലെത്തിയ പൊലീസുകാരനാണ് വീട്ടിൻ്റെ മതിലില്‍ നിന്നു വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചതെന്നാണ് സിസി ടിവിയിൽ കണ്ടത്. 

എസ്‌ഐ തൊട്ടടുത്തിരിക്കുമ്പോള്‍ ജീപ്പ് നിര്‍ത്തി ഇറങ്ങിയ ഡ്രെെവറായ പൊലീസുകാരന്‍ പരിസരം  നിരീക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം  ചെടി ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.സമീപത്തെ ക്ഷേത്രത്തിന്റെ സിസിടിവി ക്യാമറയിലാണ് പൊലീസുകാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.  

തിരുവനന്തപുരം ചെമ്പഴന്തിക്കു സമീപമാണ് സംഭവം.  16 നു  പുലര്‍ച്ചെ 4.50 നു നടന്ന മോഷണം പക്ഷേ  ഇതുവരെ കേസായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.  കള്ളന്‍ പൊലീസായതു കൊണ്ടും മോഷണ മുതല്‍ ചെടിമാത്രമായതുകൊണ്ടും ഉടമ പരാതി നല്‍കാന്‍ തയ്യാറായില്ലെന്നാണ് പുറത്തു വരുന്ന വിരം. മാത്രമല്ല   ക്യാമറയില്‍ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

എന്നാല്‍ സംഭവം  നാട്ടില്‍ പാട്ടായതോടെ രഹസ്യാന്വേഷണ വിഭാഗം പൊലീസിലെ ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും സൂചനകളുണ്ട്. ദൃശ്യങ്ങള്‍ പലരും കണ്ട സ്ഥിതിക്ക് വൈകിയാണെങ്കിലും നടപടി ഉണ്ടായില്ലെങ്കില്‍  സേനയ്ക്ക് നാണക്കടാണെന്നുമുളള അഭിപ്രായവും പൊലീസ് സേനയിൽ പരക്കെ ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.