ആഗസറ്റിൽ പ്രളയം? അടുത്ത മാസം ആരംഭത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം

single-img
28 July 2020

കോവിഡ് വെെറസ് വ്യാനത്തിനെതിരെ പൊരുതുന്ന കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു പ്രളയമോ? ഓഗസ്റ്റ് മാസത്തിൻ്റെ ആരംഭത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇത് അതി തീവ്ര ന്യൂനമര്‍ദ്ദം ആകുന്നതോടെ സംസ്ഥാനത്ത് ശക്തമായ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

ഈ നിർണ്ണായക സാഹചര്യത്തിൽ സംസ്ഥാനം ഏറ്റവും കൂടുതൽ ഭയക്കേണ്ട സാഹചര്യമാണ് ഈ പ്രവചനത്തിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. കാരണം കഴിഞ്ഞ രണ്ടുവര്‍ഷവും ഓഗസ്റ്റിലാണ് കേരളത്തില്‍ ഏറ്റവുമധികം മഴ ലഭിച്ചത്. ശരാശരിയേക്കാള്‍ അധികം മഴ ലഭിച്ചതിനാല്‍ ഈ രണ്ടുവര്‍ഷവും സംസ്ഥാനം വലിയ രീതിയിലുള്ള പ്രളയക്കെടുതിയും നേരിട്ടിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനുളള സാഹചര്യങ്ങളാണ് നിലവില്‍ നിലനില്‍ക്കുന്നത്. കാലാവസ്ഥാ പ്രവചനത്തിൻ്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 5,6 തീയതികളിലായി ഇത് ന്യൂനമര്‍ദ്ദമായി രൂപപ്പെടുമെന്നാണ് സൂചനകൾ. ഇത് അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറുന്നതോടെ ഓഗസ്റ്റിന്റെ രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നാണ് കണക്കുകൂട്ടല്‍. 

കലാവസ്ഥാവകുപ്പിൻ്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ  മുന്‍കരുതല്‍ നടപടികള്‍ക്ക് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇതിനോടകം തന്നെ തുടക്കമിട്ടിട്ടുണ്ട്. ആന്ധ്രയുടെ വടക്കും ഒഡീഷയുടെ തെക്കുമായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് തിരുവനന്തപുരം ഐഎംഡി ഡയറക്ടര്‍ കെ സന്തോഷ് അറിയിക്കുന്നത്. ഓഗസ്റ്റ് പകുതിയോടെ ഇടിയോട് കൂടിയ കനത്ത മഴ പെയ്യാനാണ് സാധ്യത. 

ഓഗസ്റ്റ് ആദ്യ ആഴ്ചയാണ് 2019ലും 2018ലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. എട്ടുദിവസത്തിനിടെ പേമാരിയാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. രണ്ടുവര്‍ഷവും കേരളം പ്രളയക്കെടുതിയും നേരിട്ടിരുന്നു. 

2018ൽ കേരളത്തിലുണ്ടായത് ശതാബ്ദത്തിലെ ഏറ്റവും വലിയ പ്രളയമാണെന്ന് അന്ന് നാസ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍ താരതമ്യം ചെയ്താണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഉപഗ്രഹ ദൃശ്യങ്ങളും നാസ പുറത്ത് വിട്ടിരുന്നു. 

ജൂലൈ 19മുതല്‍ ഓഗസ്റ്റ് 18വരെയുള്ള കണക്കാണ് അന്ന് നാസ അപഗ്രഥിച്ചത്. ജൂലൈ 20പെയ്ത് തുടങ്ങിയ മഴ ഒാഗസ്റ്റ് 6-16തീയ്യതികളില്‍ അതി തീവ്രമായെന്നും, ജൂണ്‍ മുതല്‍ തന്നെ സാധാരണയില്‍ നിന്നും വ്യത്യസ്തമായി 42ശതമാനം മഴ കൂടുതല്‍ ലഭിച്ചെന്നും 2018ൽ നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി വ്യക്തമാക്കി. ആദ്യ 20ദിവസങ്ങളില്‍ 164ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നും നാസ ചൂണ്ടിക്കാട്ടിയിരുന്നു. 

2019 ഓഗസ്റ്റ് മാസം തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2019-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്.അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. 2019 ഓഗസ്റ്റ് 8 ലെ കണക്കനുസരിച്ച് കേരളത്തിലെ അഞ്ച് ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 22 പേർ മരണപ്പെട്ടിരുന്നു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം 22165 ലധികം പേരെ നേരിട്ട് ബാധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1326 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് രണ്ടര ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. 

ഈ ഒരു ചിത്രങ്ങൾ കേരളത്തിൻ്റെ മുന്നിലുള്ളതുകൊണ്ടുതന്നെ സംസ്ഥാനം ഇത്തവണ വലിയ രീതിയിലുള്ള മുൻകരുതൽ നടപടികളാണ് എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വെള്ളപ്പൊക്കം കൂടിയുണ്ടായാൽ കേരളത്തിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ അതീവ ഗുരുതരമാകുമെന്നാണ് ഭരണ സംവിധാനം കരുതുന്നതും.