ആശയപരമായി മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ യോജിപ്പില്‍: കോടിയേരി ബാലകൃഷ്ണന്‍

single-img
28 July 2020

തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുർക്കി ഭരണാധികാരി മുസ്ലീം പളളിയാക്കി മാറ്റിയിരിക്കയാണ്. ഈ നടപടിയെ ന്യായീകരിച്ചു കൊണ്ട് മുസ്ലീംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചന്ദ്രിക പത്രത്തിൽ ഒരു ലേഖനമെഴുതുകയും ചെയ്തു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജമാഅത്തെ ഇസ്ലാമി, തുർക്കി ഭരണകൂടത്തിൻ്റെ നിലപാടിനെ കലർപ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണ്.

കേരളത്തിൽ മുസ്ലീം ലീഗിൻ്റെ സമുന്നതനായ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തിൽ, മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങൾക്ക് വ്യക്തമായിരിക്കയാണ്. ആശയപരമായി തന്നെ മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ യോജിപ്പിലാണെന്നും ഇതിലൂടെ മനസിലാക്കാനാവുന്നു എന്നും കോടിയേരി പറയുന്നു.

ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐയുമായും മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്ലിംലീഗും കോൺഗ്രസും തീരുമാനിച്ചിട്ടുള്ളത്. തുർക്കി ഭരണാധികാരിയുടെ നടപടിയെ അംഗീകരിക്കുന്ന മുസ്ലിംലീഗ് സമീപനത്തോട് കോൺഗ്രസിൻ്റെ നിലപാടെന്താണ്? എന്ന് കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിർമിക്കാൻ രംഗത്ത് വന്നിരിക്കുന്ന ബി ജെ പി ഗവൺമെൻ്റിൻ്റെ നിലപാടിനെ മുസ്ലിംലീഗിന് ഈ പശ്ചാത്തലത്തിൽ എങ്ങിനെയാണ് എതിർക്കാൻ സാധിക്കുക? ഇത്തരം ചോദ്യങ്ങളെല്ലാം ഇന്ന് ഉയർന്നുവന്നിരിക്കുകയാണ്. ഈ വിഷയത്തിൽ യു ഡി എഫിൻ്റെ നിലപാട് വ്യക്തമാക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.