കോടികൾ ഇറക്കി ചൂതാട്ടം; തമിഴ്നടൻ ഷാം ഉള്‍പ്പെടെ 12 പേർ അറസ്റ്റിൽ

single-img
28 July 2020

കോടിക്കണക്കിന് രൂപ ഇറക്കിയുള്ള ചൂതാട്ടം നടത്തുന്ന വൻ സംഘം പോലീസ് പിടിയിൽ. തമിഴ് സിനിമയില്‍ അറിയപ്പെടുന്ന പ്രമുഖ യുവനടന്‍ ഷാം ഉള്‍പ്പെടെ 12 പേരെയാണ് അപ്പാർട്ട്മെൻ്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ നടത്തിയ ചൂതാട്ടത്തിലൂടെ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ട കേന്ദ്രത്തെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയത് എന്നാണ് വിവരം. പ്രദേശത്തെ നുങ്കമ്പാക്കം മേഖലയിലുള്ള അപ്പാര്‍ട്ട്‌മെന്റിൽ വെച്ചായിരുന്നു വന്‍തുകകള്‍ വെച്ചുള്ള ചൂതാട്ടം നടന്നിരുന്നത്. നടന്‍ ഷാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫ്ലാറ്റ്.

പരിശോധനകള്‍ നടന്നപ്പോള്‍ ഇവിടെ നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തമിഴ് സിനിമയിലുള്ള മറ്റു പല പ്രമുഖ നടന്മാരും ലോക്ഡൗണ്‍ കാലത്ത് രാത്രികളിൽ ഫ്ലാറ്റിലെത്തി ചൂതാട്ടം നടത്താറുണ്ടായിരുന്നതായും പോലീസ് പറയുന്നു. പക്ഷെ ഇതോടനുബന്ധിച്ച് മറ്റേതെങ്കിലും നടനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.