കോവിഡ് വാക്സിൻ ലക്ഷ്യത്തിലേക്ക്: മോഡേണയുടെ വാക്‌സിന്‍ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടം ആരംഭിച്ചു

single-img
28 July 2020

ഒടുവിൽ കോവിഡ് വാക്സിൻ സാക്ഷാത്കാരത്തിലേക്ക്. അമേരിക്കന്‍ മരുന്നു നിര്‍മ്മാണ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടം ആരംഭിച്ചതായി റിപ്പോർട്ടുകൾ. എംആർഎൻഎ- 1273 എന്ന പേരിലുളള വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ കോവിഡ് രോഗം ബാധിക്കാത്തവരെയും ഉള്‍പ്പെടുത്തുമെന്നാണ് പുറത്തുവരുനന് റിപ്പോർട്ടുകൾ. ഇത്തരത്തിലുളള 30000 പേരില്‍ കൂടി പരീക്ഷണം നടത്താനാണ് നിലവിൽ കമ്പനി ലക്ഷ്യമിടുന്നത്. ഇത് വിജയകരമായാൽ ലോകത്ത് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വെെറസിനെ പിടിച്ചു നിലർത്താനാകുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്. 

കോവിഡിനെതിരെയുളള മോഡേണയുടെ വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമാണെന്നാണ് ആദ്യ ഘട്ട ഫലങ്ങള്‍ തെളിയിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ ഉപദേഷ്ടാവും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷസ് ഡീസിസിന്റെ ഡയറക്ടറുമായ ആൻ്റണി എസ് ഫൗസി ചൂണ്ടിക്കാട്ടിയിരുന്നു. 

നീര്‍വീര്യമാക്കപ്പെട്ട ആന്റിബോഡികളെ കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തിന് സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വാക്‌സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിലൂടെ മനുഷ്യന്റെ കോശത്തിലേക്കുളള വൈസിന്റെ പ്രവേശനം തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍.

രണ്ടാം ഘട്ടത്തിൽ കോവിഡ് 19നെ പ്രതിരോധിക്കാന്‍ കഴിവുളളതാണോ വാക്‌സിന്‍ എന്നതാണ് പരിശോധിക്കുന്നത്. കൂടാതെ എത്രനാള്‍ കോവിഡില്‍ നിന്ന് സംരക്ഷണം നല്‍കും എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും. അതിൻ്റെ അടിസ്ഥാനത്തിലായിരിക്കും മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതും. 

കേംബ്രിഡ്ജ് സര്‍വകലാശാല, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആൻ്റ് ഇന്‍ഫെക്ഷസ് ഡീസിസ് എന്നിവയുമായി ചേര്‍ന്നാണ് മോഡേണ വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ 89 ക്ലിനിക്കല്‍ സൈറ്റുകളില്‍ വാക്‌സിന്‍ പരീക്ഷിക്കാനാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായവര്‍ക്കിടയില്‍ 28 ദിവസത്തിനുളളില്‍ രണ്ട് ഇന്‍ജക്ഷന്‍ നല്‍കും. അവരിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് വാക്സിൻ്റെ നിലവാരം വിലയിരുത്തുമെന്നും അധികൃതർ അറിയിച്ചു.