ആയുഷ് വകുപ്പ് ജീവനക്കാരും കൊവിഡ് ഡ്യൂട്ടിക്ക്; ആദ്യഘട്ട പരിശീലനം തുടങ്ങി

single-img
28 July 2020

കൊവിഡ് 19 വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ആയുഷ് വകുപ്പ് ജീവനക്കാരും സേവനത്തിനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ജില്ലാ ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍ക്ക് പരിശീനം നല്‍കി. കൊവിഡ് രോഗ ചികിത്സയ്ക്കായി ഒരുക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുള്‍പ്പെടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്കാണ് പരിശീലനം നല്‍കിയത്.

കൊവിഡ് രോഗികളുമായി ഇടപഴകുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, പ്രതിരോധ നടപടികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ ധരിക്കേണ്ട രീതി, അണുനശീകരണം തുടങ്ങിയ കാര്യങ്ങളിലായിരുന്നു പരിശീലനം. ജില്ലാ ആശുപത്രി യോഗ ഹാളില്‍ നടന്ന പരിശീലനം ആശുപത്രി സൂപ്രണ്ട് ഡോ. ടി സുധ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം ഒന്നാകെ രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് അവര്‍ പറഞ്ഞു. രോഗപ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയെന്നതാണ് കൊവിഡ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാര്‍ഗമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആയുഷ് ഡിപിഎം ഡോ. അജിത്ത് അധ്യക്ഷത വഹിച്ചു. ബിജി വര്‍ഗീസ്, സിസ്റ്റര്‍ ലൂസിയെന്‍, ഇ സുവര്‍ണ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ലേ സെക്രട്ടറി എം എസ് വിനോദ് സംസാരിച്ചു. ജില്ലയിലെ മറ്റ് ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍ക്ക് വരുംദിവസങ്ങളില്‍ കൊവിഡ് ഡ്യൂട്ടി പരിശീലനം നല്‍കും.