സർക്കാർ തസ്തികകളിൽ പിൻവാതിൽ നിയമനങ്ങളെന്നാരോപിച്ച് പാലക്കാട്ട് കെ പി സി സി ഒബിസി നേതാവ് സുമേഷ് അച്യുതന്റെ നിരാഹാര സമരം

single-img
27 July 2020

പി എസ് സിയെയും എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തികളാക്കി സംസ്ഥാന സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നാരോപിച്ച് കെ പി സി സി ഒബിസി വിഭാഗം ചെയർമാൻ സുമേഷ് അച്യുതൻ “ഫൈറ്റ് ഫോർ റൈറ്റ്” എന്ന പേരിൽ നടത്തുന്ന 48 മണിക്കൂർ നിരാഹാര സമരം അവസാന ഘട്ടത്തിലേയ്ക്ക്. ശനിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത സമരം ഇന്ന് അവസാനിപ്പിക്കും.

ഇന്ന് സമരത്തിന്റെ സമാപനപരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തുമണിയ്ക്ക് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. ഓൺലൈനിലൂടെയായിരുന്നു ഉദ്ഘാടനം. പാലക്കാട് എം പി വികെ ശ്രീകണ്ഠൻ അടക്കം നിരവധി നേതാക്കൾ ഓൺലൈനായി പരിപാടിയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചിട്ടുണ്ട്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പരിപാടിയ്ക്ക് സമരപ്പന്തലിലേയ്ക്ക് നേതാക്കൾ ആരും എത്തുകയില്ല.

എന്നാൽ കോൺഗ്രസിലെ പ്രാദേശികമായ പടലപ്പിണക്കങ്ങൾ മൂലം സുമേഷ് അച്യുതന്റെ സമരത്തിനെതിരായും പാർട്ടിക്കുള്ളിൽ മുറുമുറുപ്പുകൾ ഉണ്ട്. സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്യുന്ന സുമേഷ് അച്യുതൻ മുൻകാലങ്ങളിൽ ചിറ്റൂർ സഹകരണബാങ്കിൽ നടന്നിട്ടുള്ള നിയമനങ്ങളും അന്വേഷിക്കുമൊയെന്ന് ചില കോൺഗ്രസ് പ്രവർത്തകർ രഹസ്യമായും പരസ്യമായും ചോദിക്കുന്നുണ്ട്. മുൻ എംഎൽഎയും സുമേഷിന്റെ പിതാവുമായ കെ അച്യുതനെ ഉന്നം വെച്ചാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്.