മുന്നു വർഷം മുമ്പ് കാണാതായ ജെയ്സൻ്റെ അസ്ഥികൂടം ലഭിച്ചു: ജയ്സൻ നിർമ്മിച്ച വീടിനു മുകളിൽ നിന്നും

single-img
27 July 2020

മൂന്നു വർഷം മുമ്പ് കാണാതായ യുവാവിൻ്റെ അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസിൽ കണ്ടെത്തി.  മാറ്റാമ്പുറം മടത്തിപ്പറമ്പിൽ ജെയ്‌സന്റെ (45)  അസ്ഥികൂടമാണ് മൂന്നു വർഷങ്ങൾക്കു ശേഷം കണ്ടെത്തിയത്. 

തൃശൂർ പള്ളിനട റോഡിലെ കെട്ടിടത്തിന്റെ ടെറസിനു മുകളിൽ മഴയിൽ വെള്ളം കെട്ടി നിന്നിരുന്നു. ഈ വെള്ളം തുറന്നുവിടുന്നതിനായി കഴിഞ്ഞ ദിവസം ഉച്ചയോടെ കയറിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. വർഷങ്ങളായി ആരും ഈ കെട്ടിടത്തിൻ്റെ ടെറസിലേക്കു കയറിയിരുന്നില്ല. 

കെട്ടിടത്തിൻ്റെ രണ്ടാം നിലയിലേക്കു  കയറാൻ ഉപയോഗിച്ച കോണി  മുകളിലേക്കു വലിച്ചുവച്ച നിലയിലായിരുന്നു. ഈ കെട്ടിടത്തിന്റെ നിർമാണം നടത്തിയതു ജെയ്‌സനാണ്. സാമ്പത്തിക ബാധ്യതയെ തുടർന്നു പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അസ്ഥികൂടത്തിനു സമീപം കുപ്പിയും ഒഴിഞ്ഞ ഡപ്പിയും കണ്ടെത്തി. 

ജെയ്‌സനെ കാണാതായത് 2017 മാർച്ചിലാണ് . തുടർന്ന് ബന്ധുക്കൾ  വിയ്യുർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ ബൈക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയിരുന്നു. പൊലീസും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടം കണ്ടെടുത്ത കേസിൽ അന്വേഷണം ആരംഭിച്ചു.