ശവസംസ്കാരം തടഞ്ഞ ബിജെപി കൌൺസിലർക്കെതിരെ പൊലീസ് കേസ്

single-img
27 July 2020

കോവി‍ഡ‍് പോസിറ്റീവായി മരിച്ചയാളുടെ ശവസംസ്കാരം പൊതുശ്മശാനത്തിൽ നടത്തുന്നത് തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി കൗൺസിലർ  ടി.എൻ.ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസ്. എപ്പിഡെമിക് ആക്ട് പ്രകാരമാണ് പൊലീസ് നടപടി.

ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജിന്റെ (83) മൃതദേഹം മുട്ടമ്പലത്തെ പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നതിനെച്ചൊല്ലിയായിരുന്നു ഞായറാഴ്ച തർക്കം ഉടലെടുത്തത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച വൈകിട്ടാണ് ഔസേഫ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതശരീരം നഗരസഭയുടെ മുട്ടമ്പലത്തെ ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിക്കുന്നത് വാർഡ് കൗണ്‍സിലർ ഹരികുമാർ പ്രദേശവാസികളെയും കൂട്ടിവന്ന് തടയുകയായിരുന്നു.

വൈകിട്ട് നാലര മണിക്കൂർ നീണ്ട പ്രതിഷേധത്തിനും വാഗ്വാദങ്ങൾക്കും ശേഷം സംസ്കാരച്ചടങ്ങുകൾ നടത്താൻ കഴിയാതെ അധികൃതർ പിൻവാങ്ങിയിരുന്നു. തുടർന്ന് രാത്രി 10.55നു ജില്ലാ ഭരണകൂടം കനത്ത പൊലീസ് സന്നാഹത്തോടെ മൃതദേഹം എത്തിച്ച് സംസ്കാരം നടത്തി.