മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹത്തട്ടിപ്പ് വീരന്‍ നല്‍കിയിരിക്കുന്ന ജോലി പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിന്‍റെ തലവന്‍

single-img
27 July 2020

വിവിധ ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവാഹപരസ്യം നല്‍കി സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണവും സ്വന്തമാക്കുന്നത് ശീലമാക്കിയ യുവാവ് പിടിയിലായപ്പോള്‍ ഞെട്ടിയത് ഡല്‍ഹി പോലീസ്. 34 വയസുള്ള അങ്കിത് ചൗളയാണ് അറസ്റ്റിലായത്.

ഇയാള്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ സ്വന്തം പേരും സ്ഥലവും ജോലിയുമെല്ലാം വ്യത്യസ്ത രീതിയില്‍ പരസ്യം നല്‍കിയാണ് സ്ഥിരമായി തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിന്‍റെ തലവന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ഒരു വനിതാ ഡോക്ടറില്‍ 15 ലക്ഷം രൂപ തട്ടിഎടുത്തത്.

അതേപോലെ, പ്രശസ്തനായ ഒരു രാഷ്ട്രീയ നേതാവിന്‍റെ സുരക്ഷാ തലവന്‍ എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മറ്റ് സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും ഇയാള്‍ കൈക്കലാക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇയാളുടെ തട്ടിപ്പിന് ഇരയായ ഒരു സ്ത്രീ പരാതിയുമായി എത്തിയതോടെയാണ് അങ്കിതിന്‍റെ ചരിത്രം പുറത്തായത്.

പരാതി നല്‍കിയ സ്ത്രീയോട് മുദിത് ചൗള എന്ന പേരാണ് അങ്കിത് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ മുദിത് ചൗള എന്ന് പേരുള്ള ഒരാള്‍ 2018 ഡിസംബറില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കാണിച്ച് അശോക് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ സ്ത്രീ പരാതി നല്‍കുകയായിരുന്നു.

ഡല്‍ഹിയിലുള്ള പാലം എന്ന സ്ഥലത്ത് തനിക്ക് ബെഡ് ഷീറ്റുകളുടെ ബിസിനസ് ആണെന്നും ഇതോടൊപ്പം ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു എന്ന് സ്ത്രീ നല്‍കിയ പരാതിയിലുണ്ട്. ആദ്യം മാട്രിമോണിയല്‍ സൈറ്റ് വഴി തുടങ്ങിയ പരിചയം പിന്നീട് ഇ മെയില്‍, ഫോണ്‍, വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ മുന്നോട്ടുപോകുകയായിരുന്നു.

പിന്നീട് ഇയാള്‍ ചെറിയ ചെറിയ തുകകള്‍ കടം വാങ്ങുകയും അത് തിരിച്ച് നല്‍കി സ്ത്രീയുടെ വിശ്വാസ്യത ആര്‍ജ്ജിക്കുകയും ചെയ്തു. അതിന് ശേഷം തന്‍റെ ബിസിനസ് നഷ്ടത്തിലാണെന്നും ആ നഷ്ടം നികത്താനാവശ്യമായ പണത്തിനായി ലോണ്‍ എടുക്കണമെന്നും ഇയാള്‍ സ്ത്രീയോട് പറയുകയായിരുന്നു. അങ്കിത് വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ സ്ത്രീ ലോണ്‍ തന്‍റെ പേരില്‍ എടുക്കുകയും 17 ലക്ഷം രൂപയോളം ആ വ്യക്തി തന്നില്‍ നിന്ന് ഈ രീതിയില്‍ \ കൈക്കലാക്കിയെന്നും സ്ത്രീ നല്‍കിയ പരാതിയിലുണ്ട്.

എന്നാല്‍ പണം ലഭിച്ച ശേഷം വിവാഹത്തെക്കുറിച്ച് സ്ത്രീ സംസാരിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറിയെന്നും പിന്നീട് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതായും സ്ത്രീ പരാതിയില്‍ആരോപിക്കുന്നു. വ്യാപകമായി വിവിധ മാട്രിമോണിയല്‍ സൈറ്റുകളില്‍ ഇത്തരത്തില്‍ പരസ്യം നല്‍കി അനേകം സ്ത്രീകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ട് എന്നാണ് വിവരം.

ഇയാളുടെതട്ടിപ്പില്‍ വിധവകളും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതുമായ സ്ത്രീകളാണ് കൂടുതലായി ഇരയായിട്ടുള്ളത്. ഇത്തരത്തിലുള്ള ഇരകളില്‍നിന്നെല്ലാമായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. പോലീസ് നടത്തിയ പരിശോധനയില്‍ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, കാര്‍, വിവിധ പേരുകളിലുള്ള കൃത്രിമ ആധാര്‍ കാര്‍ഡുകള്‍ എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുക്കുക\യുണ്ടായി.