ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഗോള്‍ഡന്‍ ബൂട്ട് നേട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡി

single-img
27 July 2020

ദീര്‍ഘ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയെങ്കിലും ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത് ലെസ്റ്റര്‍ സിറ്റിയുടെ താരം ജാമി വാര്‍ഡിയാണ്. തന്റെ 33ാം വയസിലും ലക്ഷ്യം പിഴക്കാത്ത ബൂട്ടുകളുമായി ഓരോ മത്സരങ്ങളിലും കളം നിറഞ്ഞ് കളിച്ച വാര്‍ഡി പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും ഈ നേട്ടത്തിലൂടെ സ്വന്തമാക്കി.

ഈ ഒറ്റ സീസണില്‍ 23 ഗോളും അഞ്ച് അസിസ്റ്റുമാണ് വാര്‍ഡി സ്വന്തമാക്കിയത്. അതിനെല്ലാം പുറമേ സീസണിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതിനിടയിലും ലെസ്റ്ററിന് ആശ്വാസം നല്‍കുന്ന നേട്ടമാണ് വാര്‍ഡിക്ക് ലഭിച്ച ഈ ഗോള്‍ഡന്‍ ബൂട്ട് പുരസ്ക്കാരം.

അവസാന മത്സരത്തില്‍ യുണൈറ്റഡിനോട് 2-0ന് പരാജയപ്പെട്ടതോടെ ആദ്യ നാലില്‍ നിന്ന് പുറത്തായ ലെസ്റ്റര്‍ അടുത്ത സീസണില്‍ യൂറോപ്പാ ലീഗില്‍ കളിക്കും എന്ന് ഉറപ്പായിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ 38 മത്സരത്തില്‍ നിന്ന് 18 ജയവും എട്ട് സമനിലയും 12 തോല്‍വിയുമടക്കം 62 പോയിന്റാണ് ഇത്തവണ ലെസ്റ്റര്‍ സ്വന്തമാക്കിയത്.

അത്യന്തം വാശിയേറിയ ശക്തമായ പോരാട്ടത്തിലൂടെയാണ് വാര്‍ഡി ഇക്കുറി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. വാര്‍ഡിയുടെ പിന്നാലെ 22 ഗോളുമായി ആഴ്‌സണലിന്റെ ഔബ്‌മെയാങും സതാംപ്റ്റണിന്റെ ഡാനി ഇന്‍ഗസും ഉണ്ടായിരുന്നെങ്കിലും ഒരേയൊരു ഗോളില്‍ വാര്‍ഡി സ്വര്‍ണ്ണ ബൂട്ട് സ്വന്തമാക്കുകയായിരുന്നു.

വാര്‍ഡിയുടേത് മികച്ച വ്യക്തിഗത നേട്ടമാണെന്നും അവന്റെ ഗോളുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇതുവരെ എത്തില്ലായിരുന്നുവെന്നും ലെസ്റ്റര്‍ സിറ്റി കോച്ച് ബ്രണ്ടന്‍ റോഡ്ജിയേഴ്‌സ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.