എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ മാസ്ക് വിതരണവുമായി തമിഴ്‍നാട് സര്‍ക്കാര്‍

single-img
27 July 2020

കോവിഡ് വൈറസ് വ്യാപനം ചെറുക്കാൻ വിത്യസ്ത മാർഗങ്ങളാണ് വിവിധ രാജ്യങ്ങൾ തേടുന്നത്. ഇവിടെ തമിഴ്‌നാട്ടിൽ ജനങ്ങളെ സഹായിക്കാന്‍ റേഷന്‍ കാര്‍ഡില്‍ പേരുള്ള എല്ലാവര്‍ക്കും സൗജന്യമായി മാസ്ക് വിതരണം ചെയ്യുന്ന പദ്ധതിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ എത്തിയിട്ടുള്ളത്.

സംസ്ഥാന മുഖ്യമന്ത്രി കെ പളനിസ്വാമിയാണ് ഈ ആശയവുമായി മുന്നോട്ട് വന്നത്. ഇത്തരത്തിലുള്ള പ്രവർത്തനം വഴി ഏകദേശം 69 ലക്ഷം കുടുംബങ്ങളിലേക്ക് മാസ്കുകള്‍ എത്തുമെന്നാണ് സർക്കാർ നിലവിൽ പ്രതീക്ഷിക്കുന്നത്.പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനമെന്നോണം അഞ്ച് പേര്‍ക്ക് സെക്രട്ടേറിയേറ്റില്‍ വെച്ച് മുഖ്യമന്ത്രി മാസ്ക് വിതരണം ചെയ്യുകയും ചെയ്തു.

ശേഷിക്കുന്നവർക്ക് റേഷന്‍ കടകളിലൂടെ പദ്ധതിയുടെ ഭാഗമായി മാസ്കുകള്‍ വിതരണം ചെയ്യും. ഈ പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം 4.44 കോടി മാസ്കുകള്‍ 69.08 ലക്ഷം കുടുംബങ്ങളിലേക്കായി വിതരണം ചെയ്യപ്പെടുമെന്നാണ് കണക്കുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ജിസിസിയുടെ കണക്കുകള്‍ പ്രകാരം ഇപ്പോൾ തന്നെ 45 ലക്ഷം മാസ്കുകള്‍ വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞു.

നിലവിൽ തമിഴ്നാട്ടില്‍ 2.08 റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുമ്പോൾ 6.74 കോടി ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്നു. ഇതേവരെ 2,14,000 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് രോഗം ബാധിച്ചത്.